സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസറാണു സ്തനാർബുദം. തുടക്കത്തിൽ തന്നെ കണ്ടെത്തി വേണ്ട ചികിത്സ നൽകിയാൽ രോഗിയുടെ ജീവൻ സുരക്ഷിതമാക്കാൻ കഴിയും.വളരെ നേരത്തെ കണ്ടുപിടിച്ച് ശരിയായി ചികിത്സിച്ചാൽ എൺപതു മുതൽ തൊണ്ണൂറു ശതമാനം ആളുകളിലും പൂർണമായും ഭേദമാക്കാനാവുന്ന രോഗമാണിത്.
ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഓരോ വർഷവും 21 ലക്ഷം സ്ത്രീകൾ സ്തനാർബുദ ബാധിതരാവുന്നു. അതുപോലെ തന്നെ ഏറ്റവും കൂടുതൽ സ്ത്രീകൾ മരണപ്പെടുന്നതിന്റെ കാരണങ്ങളിൽ ഒന്ന് സ്തനാർബുദമാണ്. 2018 ൽ 627,000 സ്ത്രീകൾ സ്തനാർബുദത്തെ തുടർന്ന മരണമടഞ്ഞു. ഇത് കാൻസർ മൂലം മരണപ്പെടുന്ന മുഴുവൻ സ്ത്രീകളിൽ 15 ശതമാനത്തോളം വരും.
മാറിൽ മുഴ,തടിപ്പ്,വ്രണം,മുലകണ്ണിൽ നിന്നും സ്രവങ്ങൾ ഒലിക്കുന്നത് മുതലായവ,കക്ഷത്തെ കഴലകളുടെ വീക്കം, ശ്വാസം മുട്ട്, എല്ലിൽ വേദനയൊക്കെയും കാൻസറിന്റെ ലക്ഷണങ്ങളാകാം.സ്തന ചർമത്തിലെ നിറഭേദം, സ്തനത്തിന്റെ ആകൃതിയിലോ വലിപ്പത്തിലോ ഉള്ള മാറ്റങ്ങൾ, മുലഞെട്ടുകൾ ഒരുപോലെയാണോ, ഉള്ളിലേക്ക് വലിഞ്ഞിട്ടുണ്ടോ എന്നെല്ലാം ഒരു കണ്ണാടിയുടെ മുന്നിൽ നിന്ന് പരിശോധിക്കണം.സ്തനാർബുദം ആരംഭത്തിലേ തന്നെ സ്വയം കണ്ട് പിടിക്കാൻ കഴിയുന്ന ഏറ്റവും ലളിതമായ മാർഗമാണ് സ്വയം പരിശോധന (ബ്രെസ്റ്റ് സെൽഫ് എക്‌സാമിനേഷൻ – ബി.എസ്.ഇ.).
പ്രായപൂർത്തിയായ എല്ലാ സ്ത്രീകളും മാസത്തിലൊരിക്കലെങ്കിലും സ്വയം സ്തന പരിശോധന നടത്തണം. ആർത്തവം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം ബി.എസ്.ഇ. ചെയ്യുന്നതാണ് നല്ലത്. നിരീക്ഷണത്തിലൂടെയും തൊട്ടുള്ള പരിശോധനയിലൂടെയും അർബുദ സാധ്യത പരിശോധിക്കാം.സ്തന ചർമത്തിലെ നിറഭേദം, സ്തനത്തിന്റെ ആകൃതിയിലോ വലിപ്പത്തിലോ ഉള്ള മാറ്റങ്ങൾ, മുലഞെട്ടുകൾ ഒരുപോലെയാണോ, ഉള്ളിലേക്ക് വലിഞ്ഞിട്ടുണ്ടോ എന്നെല്ലാം ഒരു കണ്ണാടിയുടെ മുന്നിൽ നിന്ന് പരിശോധിക്കണം. കൈകൾ താഴ്ത്തിയിട്ട് നട്ടെല്ല് നിവർത്തി നിന്നും ഇരു കൈകളും ഒരുമിച്ച് ഉയർത്തിയും കൈകൾ രണ്ടും അരക്കെട്ടിലൂന്നിയും മേൽപ്പറഞ്ഞ പരിശോധനകൾ നടത്താം.
തൊട്ടു കൊണ്ടുള്ള പരിശോധന നിന്നുകൊണ്ടോ കിടന്നു കൊണ്ടോ ചെയ്യാം. കൈയിലെ പെരുവിരൽ ഒഴികെയുള്ള നാല് വിരലുകൾ കൊണ്ടാണ് പരിശോധന നടത്തേണ്ടത്.ഇടത് കൈവിരലുകൾ കൊണ്ട് വലത്തേ സ്തനത്തിലും അതിന് ചുറ്റിനും മൃദുവായി അമർത്തി വൃത്താകൃതിയിൽ ചലിപ്പിച്ചുകൊണ്ട് പരിശോധിക്കുക.തടിപ്പുകളോ കല്ലിപ്പോ മുഴകളോ ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ശേഷം വലതു കൈവിരലുകൾ കൊണ്ട് ഇടത് സ്തനവും പരിശോധിക്കുക. ഇവ കൂടാതെ കക്ഷത്തിലും എന്തെങ്കിലും കല്ലിപ്പോ തടിപ്പോ ഉണ്ടോ എന്ന് പരിശോധിക്കുക. കിടന്ന് പരിശോധിക്കുമ്പോൾ അതതു വശത്തുള്ള തോളിന്റെ അടിയിൽ ഒരു ചെറിയ തലയിണ വെച്ചാൽ പരിശോധന കൂടുതൽ കൃത്യമാകും.
ശരീര പരിശോധന (മാറും കക്ഷവും മറ്റു ശരീര പരിശോധനകളും), അൾട്രാസൗണ്ട്, മാമോഗ്രാഫി, എം.ആർ.ഐ. മുതലായ സ്‌കാനുകൾ (എല്ലാം വേണ്ടി വരണം എന്നില്ല), ദശ കുത്തി എടുത്തു പരിശോധിക്കുന്ന നീഡിൽ ബയോപ്സി എന്നിവയിലൂടെയും മറ്റു ടെസ്റ്റുകളിലൂടെയും ഡോക്ടർ പൂർണ രോഗനിർണയം നടത്തും.രക്തബന്ധുക്കളിൽ സ്തനാർബുദം വന്നിട്ടുള്ളവർ (പ്രത്യേകിച്ചും ചെറിയ പ്രായത്തിൽ) മുപ്പതു വയസ്സ് ആകുമ്പോൾ തന്നെ ഡോക്ടറെ കണ്ട് പരിശോധന തുടങ്ങേണ്ടതാണ്.
ഇന്ന് മിക്ക പെൺകുട്ടികളുടേയും ഇടയിൽ പ്രചരിക്കുന്ന ഒരു തെറ്റിധാരണയാണ് രാത്രി ബ്രാ ധരിച്ചാൽ അത് കാൻസറിന് കാരണമാകും എന്നത്. എന്നാൽ, ബ്രാ ധരിക്കുന്നത് കാൻസറിന് ഒരു കാരണമല്ല. ഇത് വെറും തെറ്റായ ധാരണ മാത്രമാണ്.ചിലർ പേടിച്ച് ബ്രാ ധരിക്കാതെ ഇരിക്കുന്നത് കാണാം. ഇത് ചിലപ്പോൾ സ്തനങ്ങൾ തൂങ്ങിപ്പോകുന്നതിലേയ്ക്കും അതുപോലെ തന്നെ മാറിടത്തിന്റെ ഷേയ്പ്പ് നഷ്ടമാകുന്നതിനും കാരണമാകാം.
ബ്രേസിയറുകൾ, അണ്ടർ വയർബ്രാകൾ ധരിക്കുന്നത് സ്തനാർബുദത്തിലേക്കു നയിക്കും എന്നതിന് ഒരു തെളിവുമില്ല. പ്രത്യേക ഘടനയുള്ള ബ്രാ, ലിംഫാറ്റിക് ഫ്‌ലോയെ തടസപ്പെടുത്തും എന്ന ധാരണയിൽ നിന്നാകാം ഈ തെറ്റായ ധാരണവന്നത്. എന്നാൽ ഒരു പഠനങ്ങളും ഇത് തെളിയിക്കുന്നില്ല
Discussion about this post