തിരുവനന്തപുരം; ഹണിട്രാപ് കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി അശ്വതി അച്ചുവിനെതിരെ വീണ്ടും സമാനപരാതി. സുഹൃത്തായ പോലീസുകാരൻ രാജേഷ് എന്നിവർക്കെതിരെയാണ് കേസ്. പുനലൂർ സ്വദേശിയായ സതീശൻ എന്ന ബിസിനസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ മെഡിക്കൽകോളജ് പോലീസ് ആണ് കേസ് എടുത്തത്. സതീശനെതിരെ ഈ വർഷം ആദ്യം അശ്വതിയും പോലീസിൽ കേസെടുത്തിരുന്നു. ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു അശ്വതിയുടെ പരാതി. ഈ കേസിൽ സതീശൻ മുൻകൂർ ജാമ്യവും എടുത്തിരുന്നു.
അശ്വതി അച്ചു സാമൂഹികമാദ്ധ്യമത്തിൽ വ്യാജപ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച് പണം തട്ടിച്ചെന്നാണ് സതീശന്റെ പരാതി. വാടകയ്ക്ക് ഫ്‌ളാറ്റ് വേണമെന്നാവശ്യപ്പെട്ടാണ് അശ്വതി സമീപിച്ചത്. അശ്വതിയേയും കൂട്ടി സുഹൃത്തിന്റെ കുമാരപുരത്തുള്ള ഫ്‌ളാറ്റ് കാണിക്കാനെത്തി. ഫ്‌ളാറ്റിൽവച്ച് മനഃപൂർവം അടുപ്പം കാണിച്ച് ഈ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തിയാണ് അശ്വതി ഭീഷണിപ്പെടുത്തിയതെന്നാണ് സതീശന്റെ പരാതി.
ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഒടുവിൽ സതീശൻ 25,000 രൂപ നൽകി. ബാക്കി തുക ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തി. പണം ആവശ്യപ്പെട്ട് രാജേഷ് എന്ന പേരിലുള്ള പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് വിളിപ്പിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.
Discussion about this post