സിനിമയും ഡാൻസ് സ്‌കൂളുമായി കരിയറിൽ വലിയ തിരക്കിലാണ് മലയാളികളുടെ പ്രിയപ്പെട്ട താരം നവ്യ നായർ. എന്നിരുന്നാലും ഇടയ്ക്കിടെ നടി തന്റെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബിരിയാണിയുടെ വീഡിയോ ആണ് താരം പുതുതായി പങ്കുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല വിജയനാണ് തന്നെ ബിരിയാണിയുണ്ടാക്കാൻ പഠിപ്പിച്ചത് എന്ന് നവ്യ പറയുന്നു. പിണറായി വിജയനും കുടുംബത്തിനും ഒപ്പം നിൽക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
ബിരിയാണിയുണ്ടാക്കുന്നത് എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ അങ്കിളിന്റെ ഭാര്യ കമലയാന്റിയാണ്. മട്ടണും ചിക്കനുമാണ് പഠിപ്പിച്ചത്. അവരുടെ വീട്ടിൽ വെച്ച് ഒരു ചെമ്മീൻ ഫ്രൈ കഴിച്ചു. രക്ഷയില്ലാത്ത രുചിയായിരുന്നു അതിന്. ആ റെസിപ്പി എഴുതിവാങ്ങി. ട്രൈ ചെയ്തപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ആ മട്ടൺ ബിരിയാണിയുടെ റെസിപ്പിയും ചെമ്മീൻ ഫ്രൈയുടെ റെസിപ്പിയും ചേർത്ത് ഞാൻ നടത്തുന്ന പരീക്ഷണമാണ് ചെമ്മീൻ ബിരിയാണി.
ഘട്ടംഘട്ടമായി ഇതുണ്ടാക്കുന്ന രീതിയും നവ്യ വിശദീകരിക്കുന്നു. ചോറുണ്ടാക്കി എടുക്കുകയാണ് ആദ്യം വേണ്ടത്. അരി അളക്കുന്ന പാത്രത്തിൻറെ ഇരട്ടി വെള്ളം അടുപ്പത്ത് വയ്ക്കുക. ഇത് തിളച്ചു വരുമ്പോൾ ഉപ്പും നെയ്യും കറുവപ്പട്ടയും ഇടുക. ഇതിലേക്ക് കഴുകിവച്ച അരി ഇട്ടു വേവിച്ച് എടുക്കുക. ചെറിയ ഉള്ളി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, മുളക്‌പൊടി, കുരുമുളക് പൊടി, ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ മിക്‌സിയിൽ ഇട്ടു നന്നായി അടിച്ചെടുക്കുക. കഴുകി വൃത്തിയാക്കിയ ചെമ്മീനിന് മുകളിലേക്ക് ഇത് തേച്ചു പിടിപ്പിച്ച ശേഷം 10 മിനിറ്റ് മാരിനേറ്റ് ചെയ്യാൻ വെക്കുക. – പാനിലേക്ക് എണ്ണ ഒഴിച്ച് കറിവേപ്പില ഇടുക. ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചെമ്മീൻ ഇട്ടു തിരിച്ചും മറിച്ചും ഇട്ടു ഷാലോ ഫ്രൈ ചെയ്‌തെടുക്കുക.
ചെമ്മീൻ വറുത്തെടുത്ത എണ്ണ ഒരു ചെറിയ ബൌളിലേക്ക് മാറ്റി വയ്ക്കുക. – ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, പുതിന എന്നിവ ചതച്ചെടുക്കുക. ആ -അടുപ്പത്ത് പാൻ വെച്ച് വീണ്ടും എണ്ണ ഒഴിച്ച് അതിലേക്ക് അരിഞ്ഞുവെച്ച സവാള ഇടുക. സവാള നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി-പുതിന-മല്ലിയില പേസ്റ്റ് ഇടുക. നന്നായി വഴന്നു വരുമ്പോൾ ഇതിലേക്ക് തക്കാളി കൂടി ഇട്ടു വഴറ്റുക. ഇതിലേക്ക് ചെമ്മീൻ വഴറ്റി എടുത്തതിൻറെ ബാക്കി വന്ന എണ്ണയും മസാലയും ചേർന്ന മിശ്രിതം ഒഴിക്കുക. – ഇതിലേക്ക് അൽപ്പം ഗരം മസാല, പെരുംജീരകം പൊടി എന്നിവ ഇടുക. ഇതിലേക്ക് നേരത്തെ ഫ്രൈ ചെയ്തു വെച്ച ചെമ്മീൻ ഇടുക. – കുഴിയുള്ള ഒരു പാത്രത്തിൽ നെയ്യ് ഒഴിക്കുക. ഇതിലേക്ക് വേവിച്ചുവെച്ച ചോറ് ഇട്ട ശേഷം അതിനു മുകളിലേക്ക് ചെമ്മീൻ ഇട്ടു നന്നായി മിക്‌സ് ചെയ്‌തെടുക്കുക. മുകളിലേക്ക് കുറച്ച് കശുവണ്ടി, മുന്തിരി എന്നിവ ഫ്രൈ ചെയ്തതും സവാള ഫ്രൈ ചെയ്തതും മല്ലിയില, പുതിനയില എന്നിവയും വിതറുക. – ഇത് ഇരുപതു മിനിറ്റ് ദം ഇട്ടു വയ്ക്കുക.
Discussion about this post