കൊച്ചി: മലയാളം ടെലിവിഷൻ രംഗത്തെ താരദമ്പതികളാണ് ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു അത്. ഇതിന് പിന്നാലെ സോഷ്യൽമീഡിയയിലൂടെ ദമ്പതികൾക്കെതിരെ സൈബർ ആക്രമണവും ഉണ്ടായി. പ്രധാനമായും ക്രിസ് വേണുഗോപാലന്റെ രൂപവും ദിവ്യയുടെ രൂപവും വിലയിരുത്തിയായിരുന്നു അധിക്ഷേപം കടുത്തത്. പ്രായം കൂടുതലുള്ളയാളാണെന്നും വിവാഹം കഴിച്ചത് ശരിയായില്ലെന്ന് പോലും കമന്റുകൾ എത്തി. എന്നാൽ ഇരുവരും തമ്മിൽ വിവാഹിതരായതിന്റെ കാരണം അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയതോടെ പിന്തുണയേറി.
ഇപ്പോഴിതാ ഇരുവരുടെയും ബന്ധത്തെ കുറിച്ച് സോഷ്യൽമീഡിയയിൽ വന്ന കുറിപ്പ് ചർച്ചയാവുകയാണ്. ദീപ സെയ്‌റ എന്നയാളുടെ കുറിപ്പാണ് ചർച്ചയാവുന്നത്.കുറിപ്പിന്റെ പൂർണരൂപം
നാൽപതുകളിലെ പ്രണയത്തിനു വശ്യത കൂടുതലാണ്.. ദിവ്യയും ക്രിസും ഇപ്പോൾ ആസ്വദിക്കുന്നത് അതാണ്. അവരെ അവരുടെ പാട്ടിനു വിടുക.. എന്തിനാണ് വിവാഹം കഴിക്കുന്നത്? എന്താണ് എല്ലാവരുടെയും മറുപടി? ‘സുരക്ഷ, തണൽ, കുട്ടികൾ’ – ഇതാണോ എല്ലാവരുടെയും ഉത്തരം? അതോ പ്രണയം, സെക്സ് എന്നാണോ? ഇവരുടെ പ്രണയത്തെ അസൂയയോടെ നോക്കിക്കാണുകയും ‘ഏട്ടന്റെ തണലിൽ കഴിയണം, മക്കൾക്ക് സുരക്ഷയുണ്ടാവണം, മക്കൾക്ക് അച്ഛനുണ്ടാവണം’ എന്നിങ്ങനെ ദിവ്യ പറഞ്ഞുകൊണ്ടേയിരിക്കുന്നത് കേൾക്കുമ്പോൾ ദേഷ്യം വരികയും ചെയ്യുന്നത് എനിക്ക് മാത്രമാവും ല്ലേ?
ക്രിസ് അതു ഒരു വാക്കിൽ ഒതുക്കുന്നു. ‘എനിക്കൊരു കൂട്ട് വേണമെന്ന് തോന്നി, കെട്ടി’. 64 -ാം വയസ്സിൽ വിവാഹം ചെയ്ത ഒരു അങ്കിളിനെ അറിയാം. വിവാഹശേഷം ആന്റിയെക്കൂട്ടി വീട്ടിൽ വന്നപ്പോൾ ഞാൻ വെറുതെ ആന്റിയോട് ചോദിച്ചു എന്തിനാണ് ഈ പ്രായത്തിൽ വിവാഹത്തിലേക്ക് എത്താൻ കാരണമെന്ന്. ‘യാത്രകൾ പോകാൻ ഏറെ ഇഷ്ടമാണ്. ഒറ്റയ്ക്ക് പോകാൻ ഇഷ്ടമല്ല. പേടി കൊണ്ടല്ല, മിണ്ടി പറഞ്ഞു പോകാൻ ആരേലും വേണം. പുള്ളിയ്ക്ക് യാത്രകൾ നല്ല വൈബ് ആണ്. കെട്ടിയിട്ട് പോകുമ്പോൾ ഇടയ്ക്ക് വച്ചു സ്ഥലം വിട്ടു കളയില്ലെന്ന് പ്രതീക്ഷിക്കാം. അതു കൊണ്ട് കെട്ടി’ – ഈ ഉത്തരം എനിക്ക് ഇഷ്ടപ്പെട്ടു. കല്യാണത്തിന് സുരക്ഷ എന്നൊരു അർത്ഥമൊക്ക ഇപ്പോഴും ഉണ്ടോ എന്നെനിക്ക് സംശയമാണ്. അനുവാദം തരാനും, സുരക്ഷ തരാനുമൊക്കെ ഒരാളെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി എന്നതിന് പകരം ‘ഇടയിൽ പിരിയാതെ ഒരുമിച്ച് പാട്ട് പാടാൻ, യാത്ര പോകാൻ, പ്രേമിക്കാൻ, ഒരു പങ്കാളിയ്ക്കൊപ്പം നല്ലൊരു സെക്ഷ്യൂൽ ലൈഫ് ആസ്വദിക്കാൻ ഞങ്ങൾ വിവാഹം കഴിച്ചു’ എന്ന് പറയുന്ന സ്ത്രീയും പുരുഷനുമുണ്ടാവട്ടെ.
മറ്റൊന്ന് ‘ഞാനൊരു വളർത്തു മൃഗമായിരുന്നു കഴിഞ്ഞ ബന്ധത്തിൽ’ എന്ന ക്രിസിന്റെ തുറന്നു പറച്ചിലാണ്. അതോടെ അയാളോടുള്ള ആരാധന മുഴുവൻ പോയി പോയെന്നൊക്കെ എഴുതി കണ്ടു. ടോക്സിക് ആയ സ്ത്രീകൾക്കൊപ്പം ജീവിക്കുന്ന പുരുഷന്റെ അവസ്ഥ നേരിട്ടറിയാം. ക്രിസ് പറയുന്നത് ശരിയാണെങ്കിൽ അയാൾ അനുഭവിച്ചത് ചില്ലറയായിരിക്കില്ല. പുരുഷന് സമൂഹം സ്വതവേ നൽകിയിട്ടുള്ള പരിവേഷം വാ തുറക്കാൻ കഴിയാത്ത വിധം അവരെ പൂട്ടുന്നു. അഡ്ജസ്റ്റ്മെന്റിന്റെ അറ്റത്തെത്തി അവിടുന്ന് താഴേക്ക് വീണുപോകുമെന്ന് പറയുന്ന ആൺ സുഹൃത്തുക്കളുണ്ട്. നിവൃത്തിയില്ലാതെ അതൊന്നു തുറന്നു പറയുമ്പോഴേക്കും ‘നീ പുരുഷനാണോടാ’ എന്നൊക്കെ ചോദിക്കുന്ന ടീമുകളെ കമന്റ് ബോക്സിലൊക്കെ കണ്ടു.. കഷ്ടമെന്നേ പറയാനുള്ളു… അവർ പ്രേമിക്കട്ടെ… അതേ..നാൽപതുകളിലെ പ്രണയത്തിനു വശ്യത കൂടുതലാണ്.. പ്രിയപ്പെട്ട ദിവ്യ, ക്രിസ്…ഈ നല്ല സമയം മുഴുവൻ ഇന്റർവ്യൂ കൊടുത്തു കളയാതെ പ്രേമിക്കാൻ നോക്കണേ
Discussion about this post