ഭക്ഷണമാണ് മരുന്ന്.. മരുന്ന് പോലെ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഭക്ഷണം പോലെ മരുന്ന് കഴിക്കേണ്ടി വരുമെന്ന് കേട്ടിട്ടില്ലേ…. എന്നാൽ ഇന്നത്തെ കാലത്ത് ഭക്ഷണങ്ങളെപോലും നമുക്ക് വിശ്വാസിക്കാനാവാത്ത സ്ഥിതിയാണ്. അമിതലാഭം മുന്നിൽ കണ്ട് മായം കലർത്തി വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന സാധനങ്ങളാണ് നാം പലപ്പോഴും വാങ്ങിക്കൂട്ടുന്നത്. ഈ ചതിയിൽപ്പെടുന്നതോടെ തകരാറിലാവുന്നത് നമ്മുടെ ആരോഗ്യമാണ്.
നമ്മളിൽ പലരും എന്നും ഉപയോഗിക്കുന്ന ഒന്നാണ് ചായപ്പൊടി. ഒരു കപ്പ് ചായയില്ലാതെ ഒരുദിവസം പോലും കടന്നുപോകില്ല. എന്നാൽ ഈ ചായപ്പൊടിയിൽ വരെ മായം കലർത്താറുണ്ട്. ഒറ്റ നോട്ടത്തിൽ ഇത് കണ്ടെത്താനാലില്ല. തേയിലപൊടിക്കൊന്നം അയൺപൗഡർ,ഉണങ്ങിയചാണകം, എന്തിന് അറക്കപ്പൊടി വരെ ചേർക്കാറുണ്ട്. ഇത് നമുക്ക് ഒറ്റനോട്ടത്തിൽ മനസിലാക്കാൻ പറ്റാത്ത വസ്തുക്കളായത് കൊണ്ട് തന്നെ ചതിയറിയാതെ നാം ഇത് ഉപയോഗിക്കുന്നു.
മായം കലർന്ന തേയിലപ്പൊടി നമുക്ക് വീട്ടിൽ നിന്ന് തന്നെ പരിശോധിച്ചാലോ? നിറം പരിശോധനയാണ് എളുപ്പം ചെയ്യാവുന്നത്. സുതാര്യമായ ഒരു ഗ്ലാസ് എടുക്കുക. ഇതിലേക്ക് അൽപ്പം ലെമൺ ജ്യൂസ് ഒഴിക്കുക. ശേഷം കുറച്ച് തേയില ഇടുക. ഈ ലെമൺ ജ്യൂസ് മഞ്ഞ നിറമോ പച്ചനിറത്തിലേക്കോ മാറുകയാണെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ തേയില ശുദ്ധമാണ്. എന്നാൽ ഓറഞ്ച് നിറമോ മറ്റ് കടുംനിറമോ ആവുകയാണെങ്കിൽ ക്ഷമിക്കണം, നിങ്ങളുടെ തേയിലയിൽ മായം ഉണ്ട്.
ടിഷ്യുപേപ്പർ ഉപയോഗിച്ചും തേയിലയിലെ മായം കണ്ടെത്താം. ടിഷ്യൂപേപ്പറിൽ രണ്ട് ടീസ്പൂൺ തേയില ഇടുക. ഇതിലേക്ക് കുറച്ച് വെള്ളം തളിക്കുക. തുടർന്ന് സൂര്യപ്രകാശത്തിൽ ആ ടിഷ്യൂ പേപ്പർ ഉണങ്ങാൻ വയ്ക്കുക. ടിഷ്യൂപേപ്പറിന്റെ നിറം മാറുകയോ പാടുകൾ വന്നാലോ ഉറപ്പിച്ചോളൂ തേയില മായം കലർന്നതാണ്.
തണുത്ത വെള്ളം ഉപയോഗിച്ചുള്ള പരിശോധനയും വളരെ എളുപ്പമാണ്. ഒരു ഗ്ലാസ് തണുത്ത വെള്ളം എടുത്തിട്ട് അതിലേക്ക് രണ്ട് ടീസ്പൂൺ തേയില ഇട്ട് നന്നായി ഇളക്കുക. പെട്ടെന്ന് നിറം മാറുകയാണെങ്കിൽ ഉറപ്പിച്ചോളൂ മായം കലർന്നതായിരിക്കും. ശുദ്ധമായ തേയില ആണെങ്കിൽ സമയം എടുത്തേ നിറം മാറൂ എന്ന് ഓർക്കുക. ശുദ്ധമായ തേയിലയിൽ പ്രകൃതിദത്തമായ, പുതിയതായ, ഉന്മേഷം നൽകുന്ന ഒരു മണം ഉണ്ടായിരിക്കും.
Discussion about this post