പാലക്കാട്: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി. കുറച്ചു ദിവസമായി ദിവ്യ ജയിലിൽ കഴിയുന്നു. ജാമ്യം കിട്ടുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. അവര്‍ക്ക് നീതി ലഭിക്കണമെന്നും പി കെ ശ്രീമതി വ്യക്തമാക്കി.
മനപൂർവ്വമല്ലാത്ത നിർഭാഗ്യകരമായ ഒരു സംഭവം എന്നേ നവീന്‍ ബാബുവിന്റെ മരണത്തെ കുറിച്ച് പറയാനാവൂ എന്നും അവർ കൂട്ടിച്ചേര്‍ത്തു. ദിവ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് മനപൂർവ്വമായ സംഭവമല്ല. സംഭവത്തെ കുറിച്ച് പാര്‍ട്ടി നടത്തിയ പരിശോധനയില്‍ അപാകതകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പാർട്ടി നടപടി എടുത്തത്. ആര്‍ക്കും നീതി നിഷേധിക്കപ്പെടാൻ പാടില്ലെന്നും പികെ ശ്രീമതി പറഞ്ഞു.
പികെ ശ്രീമതി നടത്തിയ പ്രതികരണത്തിൽ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. പികെ ശ്രീമതി നടത്തിയ പ്രതികരണത്തിൽ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഒരാളെ കൊന്നിട്ട് ജാമ്യം ലഭിക്കുമ്പോൾ സന്തോഷമെന്ന് എങ്ങനെയാണ് പറയാൻ പറ്റുകയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട് വന്ന് എങ്ങനെയാണ് അവര്‍ക്കിത് പറയാൻ കഴിയുന്നത്. അത് പറഞ്ഞ് എങ്ങനെ വോട്ട് ചോദിക്കും. ഒരാളെ കൊന്നു എന്നതിനേക്കാൾ ഹീനമായി ഒരു കാര്യവുമില്ല. അവർക്ക് ജാമ്യം കിട്ടിയത് സന്തോഷമാണെന്ന് പറഞ്ഞ് വോട്ടുപിടിക്കാൻ വരുന്നവർക്ക് പാലക്കാട്ടെ ജനത മറുപടി പറയുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേര്‍ത്തു.
Discussion about this post