കൊച്ചി; അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും ചിന്താവിഷ്ടയായ ശ്യാമള എന്ന ഒരൊറ്റ ചിത്രം മതി സംഗീതയെന്ന നടിയെ മലയാളികൾ ഓർക്കാൻ. താരം അത്രയേറെ സ്‌കോർ ചെയ്ത ചിത്രമാണ് അത്. ശ്രീനിവാസന്റെ സംവിധാനത്തിൽ 1998 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇന്നസെന്റ്,നെടുമുടി വേണു,മാമുക്കോയ,സിദ്ദിഖ്, സുധീഷ് എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ടായിരുന്നു. ശ്രീനിവാസനാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഉത്തരവാദിത്വബോധമില്ലാത്ത ഒരു ഭർത്താവു മൂലം അയാളുടെ കുടുംബത്തിനുണ്ടാവുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്.
കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴായിരുന്നു സംഗീതയുടെ വിവാഹം. മക്കൾ കൂടി ജനിച്ചതോടെ വീട്ടമ്മയായി ഒതുങ്ങി. കഴിഞ്ഞ വർഷം ചാവേർ എന്ന സിനിമയിലൂടെ സംഗീത അഭിനയരംഗത്തേക്ക് തിരികെ എത്തി. ഇപ്പോഴിതാ വിഷ്ണുവിനയ് സംവിധാനം ചെയ്യുന്ന ആനന്ദ് ശ്രീബാല എന്ന സിനിമയിലൂടെ അഭിനയത്തിൽ കൂടുതൽ സജീവമാകുകയാണ് താരം.
തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽമീഡിയ ചർച്ച ചെയ്യുകയാണ്. ചിന്താവിഷ്ടയായ ശ്യാമള. എന്ന സിനിമയ്ക്ക് ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച ഒരുകാര്യമാണ് താരം പറയുന്നത്. ശ്രീനിവാസന്റെ ഭാര്യയായി ആ സിനിമയിൽ അഭിനയിക്കുമ്പോൾ 19വയസ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ, രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിക്കുന്നതിൽ പ്രയാസം തോന്നിയില്ല. സിനിമയ്ക്ക് ശേഷമുള്ള ജീവിതത്തിലും ആ കഥാപാത്രവും സിനിമയിലെ ഡയലോഗുകളുമൊക്കെ തന്റെ ജീവിതത്തിന്റെ ഭാഗമായി ഉണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്. അച്ഛൻ മരിച്ചുകിടക്കുമ്പോൾ പോലും അതിലെ ഡയലോഗ് മനസിൽ വന്നതിനെ കുറിച്ച് സംഗീത പറയുന്നു.
ചിന്താവിഷ്ടയായ ശ്യാമളയിൽ അഭിനയിച്ചതും അതിലെ ഡയലോഗുകളും എന്റെ ഒരു വിഷമഘട്ടത്തിൽ പോലും ഓർക്കേണ്ടി വന്നിട്ടുണ്ട്. ചിത്രത്തിലെ ഹിറ്റ് ഡയലോഗാണ് അയ്യോ അച്ഛാ പോകല്ലേ എന്ന് തുടങ്ങുന്നത്. യഥാർത്ഥത്തിൽ എന്റെ അച്ഛൻ മരിച്ചുകിടക്കുമ്പോൾ എനിക്ക് ആ ഡയലോഗ് ഓർമ്മ വന്നു.
അന്ന് ഞങ്ങളെല്ലാവും ചുറ്റുമിരുന്ന് കരയുകയാണ്. അച്ഛാ എന്നാണ് ഞാൻ വിളിച്ചുകൊണ്ടിരുന്നത്. അവസാനം അച്ഛനെ അവിടുന്ന് എടുത്ത് കൊണ്ട് പോകുമ്പോൾ ഞാൻ കരയുന്നത് ആ സിനിമയിലെ ഡയലോഗ് പോലെ ആയിരുന്നു. ആ സമയത്ത് തമാശ ആയിട്ടല്ല, എങ്കിലും എന്റെ മനസിൽ വന്നത് ആ ഡയലോഗ് തന്നെ ആയിരുന്നു. വേറെ ആർക്കും അത് മനസിലായിട്ടുണ്ടാവില്ലെന്ന് താരം പറയുന്നു.
Discussion about this post