തിരുവനന്തപുരം: ആത്മകഥയുണ്ടാക്കിയ വിവാദങ്ങളിൽ നിന്നും തലയൂരാനുള്ള പരിശ്രമങ്ങളുമായി സിപിഎം നേതാവ് ഇ.പി ജയരാജൻ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ.പി സരിന് വേണ്ടിയുള്ള പ്രചാരണത്തിനായി ഇന്ന് മണ്ഡലത്തിൽ എത്തും. ആത്മകഥയിലുള്ള സരിനെതിരായ പരാമർശങ്ങൾ വലിയ വിവാദം ആയ പശ്ചാത്തലത്തിലാണ് ഇപി ഇന്ന് മണ്ഡലത്തിൽ എത്തുന്നത്.
ഇന്ന് വൈകീട്ട് അഞ്ച് മണിയ്ക്ക് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പൊതുയോഗത്തിലാണ് ഇപി പങ്കെടുക്കുക. സിപിഎം നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ആണ് അദ്ദേഹം മണ്ഡലത്തിൽ എത്തുന്നത്. സരിനെതിരായ പരാമർശങ്ങൾ വലിയ വാർത്തയായതിന് പിന്നാലെ സിപിഎം നേതൃത്വത്തിൽ നിന്നും ജയരാജന് ശകാരം ഏറ്റുവാങ്ങേണ്ടിവന്നുവെന്നാണ് സൂചന.
സരിൻ അവസരവാദിയാണെന്ന് ആയിരുന്നു ജയരാജന്റെ പരാമർശം. ഇതിന് പുറമേ സരിൻ പാർട്ടിയ്ക്ക് വലിയ തലവേദനയാകുമെന്നുള്ള പരാമർശവും ഇപിയുടെ ആത്മകഥയിൽ ഉണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥയുടെ ഭാഗങ്ങൾ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. ഇതിന് പിന്നാലെ പ്രചരിക്കുന്നത് അസത്യമാണെന്ന് വ്യക്തമാക്കി ഇപി രംഗത്ത് വരികയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇപിയുടെ ആത്മകഥയുടെ ഭാഗങ്ങൾ പുറത്തുവിട്ടത്. ആത്മകഥയുടെ പ്രസാധനം ഇന്നലെ നടത്താനുള്ള ഡിസി ബുക്‌സിന്റെ തീരുമാനത്തിന് പിന്നാലെ ആയിരുന്നു ഇത്. എന്നാൽ പിന്നീട് പുസ്‌കം പുറത്തിറക്കുന്നതിൽ നിന്നും ഡി സി ബുക്‌സ് പിൻവാങ്ങുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇപി ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
Discussion about this post