പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി സരീനെ പുകഴ്ത്തി മുൻ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. സരിൻ പാലക്കാടിന് ലഭിച്ച മികച്ച സ്ഥാനാർത്ഥിയാണെന്നും വിശ്വസിച്ച കോൺഗ്രസിൽ നിന്ന് സരിന് നീതി കിട്ടിയില്ലയെന്നും ഇപി പറഞ്ഞു. സരിൻ ഉത്തമനായ ചെറുപ്പക്കാരനാണ് എന്നും പൊതുസമൂഹത്തോട് പ്രതിബദ്ധതയുള്ള ജനസേവനത്തിന് വേണ്ടി ജോലി പോലും രാജിവെച്ചയാളാണ് അദ്ദേഹം എന്നും ഇപി പറഞ്ഞു. കഴിഞ്ഞ ദിവസം ഡിസി ബുക്സ് പങ്കുവെച്ച ഇ.പി. ജയരാജൻറെ ആത്മകഥയിൽ സരിനെതിരെ പരാമർശമുണ്ടായിരുന്നു. സ്ഥാനം മോഹിച്ച് വരുന്നവർ വയ്യാവേലിയാകും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് ചർച്ചയായതിന് പിന്നാലെയാണ് ഇപിയുടെ മനംമാറ്റം.
പഠിക്കുന്ന കാലത്തേ സരിൻ മിടുക്കനായിരുന്നു. കർഷക കുടുംബത്തിൽ ജനിച്ച സരിൻ കഴിവ് കൊണ്ട് മുന്നേറി ഡോക്ടറായി. ഡോക്ടറായി പുറത്തിറങ്ങുന്ന ഘട്ടത്തിലും സമൂഹത്തിന്റെ വ്യത്യസ്തമായ മേഖലകളിൽ സരിന്റെ എല്ലാ തരത്തിലുമുള്ള കഴിവുകളും പ്രകടിപ്പിച്ചു കൊണ്ടിരുന്നു. എംബിബിഎസിന് നേടിയശേഷം സിവിൽ സർവീസ് ആഗ്രഹിച്ചു. അതിന്റെ വഴികളിലൂടെ സഞ്ചരിച്ചു. ഉയർന്ന തസ്തികയിൽ ജോലി ചെയ്ത് അഞ്ചാറു വർഷക്കാലം ഉയർന്നശമ്പളം വാങ്ങി ജീവിച്ചു. അപ്പോഴും അദ്ദേഹത്തിന്റെ മനസ്സ് ജനങ്ങൾക്ക് ഒപ്പമായിരുന്നുവെന്ന് ഇപി പറഞ്ഞു.
താൻ എഴുതി കൊണ്ടിരിക്കുന്ന പുസ്തകം താനാണ് പ്രസിദ്ധീകരിക്കേണ്ടത്. ഭാഷാശുദ്ധി വരുത്താനായി ശ്രമിക്കുകയാണ്. പല പ്രസാധകരും സമീപിച്ചിരുന്നു. എന്നാൽ താൻ ആർക്കും കരാർ നൽകിയിട്ടില്ല.തന്റെ പുസ്തകമെന്ന് പറഞ്ഞിറങ്ങിയ ബുക്കിന്റെ കവർ പേജ് പോലും താൻ കണ്ടിട്ടില്ല. അത് ആമുഖവും പര്യാന്തവും താൻ എഴുതിയിട്ടില്ല. താൻ ആരെയും ഒന്നും കൂലിക്കെഴുതിക്കില്ല. താൻ എഴുതിയ ആത്മകഥ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post