കൊച്ചി; മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ദിലീപ്. ജനപ്രിയനായകൻ എന്ന പേരിലായിരുന്നു ഒരുകാലം വരെയും താരം അറിയപ്പെട്ടിരുന്നത്. ഇടയ്ക്ക് വച്ച് കേസും ബഹളവും വന്ന് താരത്തിന്റെ കരിയറിൽ മങ്ങലുണ്ടായി. അതിനിടെ വന്ന സിനിമകളിലെല്ലാം തിരിച്ചടിയാണ് താരത്തിന് നേരിടേണ്ടി വന്നത്. രാംലീല പോലെയൊരു ചിത്രത്തിലൂടെ താരം തിരിച്ചുവരവ് നടത്തുമെന്നാണ് ദിലീപ് ആരാധകരുടെ വിശ്വാസം. മിമിക്രിതാരത്തിൽ തുടങ്ങി സംവിധാനസഹായിയായി പിന്നീട് നടനായ വളർച്ചയാണ് ദിലീപിന്റേത്. 3000 രൂപ പ്രതിഫലം വാങ്ങി സിനിമകളിൽ അഭിനയിച്ച താരത്തിന്റെ ഇന്നത്തെ പ്രതിഫലം കോടികളാണ്. സിനിമയ്‌ക്കൊപ്പം തന്നെ ബിസിനസിലും അദ്ദേഹം പണ്ടേ സജീവമായിരുന്നു.
മലയാള സിനിമാ ലോകത്ത് തന്റെതായ ഒരു സാമ്രാജ്യം തന്നെയുണ്ട് ഇന്ന് ദിലീപിന്. മലയാളത്തിലെ മുൻനിര നടനും, നിർമാതാവും, ഡിസ്ട്രിബൂട്ടറും ഒക്കെയാണ് ദിലീപ്. അഭിനയിച്ച സിനിമകളിൽ പകുതിയിലധികം ചിത്രങ്ങളും സാമ്പത്തിക വിജയം നേടി എന്നതാണ് ദിലീപിന്റെ കരിയറിൽ വഴിത്തിരിവായത്. ദിലീപും, പ്രിയസുഹൃത്ത് നാദിർഷായും ചേർന്ന് കൊച്ചിയിലാരംഭിച്ച ‘ദേ പുട്ട്’ എന്ന റെസ്റ്റോറന്റ് വലിയ വിജയമായിരുന്നു. ഇന്ന് കൊച്ചിക്ക് പുറമെ കോഴിക്കോട്, ദുബായ്, ഖത്തർ എന്നിവിടങ്ങളിലെല്ലാം ദേ പുട്ടിന് ശാഖകളുണ്ട്. ഡി സിനിമാസ് എന്ന പേരിൽ തിയേറ്ററും താരത്തിന് സ്വന്തമായുണ്ട്.ഇതിനു പുറമെ മലയാളത്തിന്റെ ഗന്ധർവ ഗായകൻ യേശുദാസിന്റെ കുടുംബവീട് വാങ്ങി, അവിടം മാംഗോ ട്രീ എന്നൊരു റെസ്റ്റോറന്റും നടൻ ആരംഭിച്ചിരുന്നു.വിലകൂടിയ കാറുകളുടെ വലിയ ശേഖരം തന്നെ താരത്തിനുണ്ട്. റിയൽ എസ്‌റ്റേറ്റിലും വമ്പിച്ച നിക്ഷേപമാണ് താരത്തിന്.
ഏകദേശം അറുനൂറു കോടി രൂപയുടെ ആസ്തി ഉണ്ടെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ കണക്കുകൾ എത്രത്തോളം ശരിയാണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ലെങ്കിലും ദിലീപോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഇക്കാര്യത്തിൽ പ്രതികരണം അറിയിച്ചിട്ടില്ല.
Discussion about this post