മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിനു മുന്നോടിയായി ടീമിന്റെ മുഖ്യ ബൗളിംഗ് പരിശീലകനെ നിയമിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. നിലവിൽ മുംബൈ ടീമിന്റെ പരിശീലകനായ ഓംകാർ സാൽവി ആയിരിക്കും ഇനി ആർസിബിയുടെ ബൗളിംഗ് പരിശീലകൻ. ലേലത്തിന് മുന്നോടിയായി മൂന്ന് താരങ്ങളെ മാത്രം നിലനിർത്തിയ ശേഷമാണ് ആർസിബി ഓംകാർ സാൽവിയെ ബൗളിംഗ് പരിശീലകനായി നിയമിച്ചിരിക്കുന്നത്.
കഴിഞ്ഞ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ അസിസ്റ്റൻ്റ് കോച്ചായിരുന്നു ഓംകാർ സാൽവി. നിലവിൽ മുംബൈയുടെ ആഭ്യന്തര ടീമിനൊപ്പം ഉള്ള തൻ്റെ ചുമതലകൾ പൂർത്തിയാക്കിയ ശേഷം ആർസിബിയിലേക്ക് എത്തുമെന്നാണ് സാൽവി വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ ആർസിബി ബാറ്റിംഗ് പരിശീലകനായി ദിനേശ് കാർത്തിക്കിനെയും നിയമിച്ചിരുന്നു.
കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ രഞ്ജി ട്രോഫി, ഇറാനി ട്രോഫി, ഐപിഎൽ ട്രോഫി എന്നിവ നേടുന്ന ടീമുകളുടെ ഭാഗമാകാൻ കഴിഞ്ഞതിനാൽ 2024 തന്റെ ഭാഗ്യവർഷം ആണെന്നാണ് ഓംകാർ സാൽവി അഭിപ്രായപ്പെടുന്നത്. ആദ്യകാലത്ത് റെയിൽവേയുടെ താരമായിരുന്ന അദ്ദേഹം ഒരു പരിശീലകൻ എന്ന നിലയിലാണ് കൂടുതൽ ശ്രദ്ധ നേടിയത്.
Discussion about this post