കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ യുവതിയെ കൊന്ന് കുഴിച്ചു മൂടിയതായി സ്ഥിരീകരണം. കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആൺ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരൂർ സ്വദേശി ജയചന്ദ്രനെ ആണ് കസ്റ്റഡിയിൽ എടുത്തത്.
ഇക്കഴിഞ്ഞ ആറാം തിയതി മുതലാണ് ജയലക്ഷ്മിയെ കാണാതെ ആയത്. ഇതേ തുടർന്ന് ബന്ധു പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം വ്യക്തമായത്. ജയചന്ദ്രനുമായി യുവതി അടുപ്പത്തിൽ ആയിരുന്നു. എന്നാൽ അടുത്തിടെയായി യുവതിയ്ക്ക് മറ്റാരുമായോ ബന്ധമുണ്ടെന്നായിരുന്നു ജയചന്ദ്രന്റെ സംശയം. ഇതേ തുടർന്നാണ് യുവതിയെ ഇയാൾ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്.
വിജയലക്ഷ്മി മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ടെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ മൊബൈൽ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിൽ എറണാകുളത്തുവച്ച് കെഎസ്ആർടിസി ബസിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. കണ്ടക്ടറാണ് മൊബൈൽ ഫോൺ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കൈമാറിയത്. തുടർന്ന് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, കോൾ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്ന് ജയചന്ദ്രനുമായി അടുപ്പമുള്ളതായി പോലീസ് കണ്ടെത്തുകയായിരുന്നു.
Discussion about this post