കൊല്ലം: സുഹൃത്ത് കൊലപ്പെടുത്തി കുഴിച്ച് മൂടിയ കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ കരൂരിലെ വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് കുഴിച്ചു മൂടിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വിജയലക്ഷ്മിയുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതി ജയചന്ദ്രൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു സ്ഥലത്ത് പരിശോധന നടത്തിയത്. അഴുകിയ നിലയിൽ ആയിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ഇതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
മറ്റൊരാളുമായി വിജയലക്ഷ്മിയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ജയചന്ദ്രൻ വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത്. പ്രതിയുടെ സാന്നിദ്ധ്യത്തിൽ യുവതി മറ്റൊരാളുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കൊലപ്പെടുത്തിയതിന് പിന്നാലെ പറമ്പിൽ കുഴിയെടുത്ത് മൃതദേഹം കുഴിച്ചുമൂടി.
ഇതിന് പിന്നാലെ പ്രതി വിജയലക്ഷ്മിയുടെ ഫോൺ കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചിരുന്നു. ഇതാണ് കേസിൽ നിർണായകം ആണ്. ബസിൽ നിന്നും മൊബൈൽ ലഭിച്ച കണ്ടക്ടർ പോലീസിനെ ഏൽപ്പിച്ചു. ഇതിൽ നിന്നും ജയചന്ദ്രനുമായി അടുപ്പമുള്ള വിവരം പോലീസിന് ലഭിക്കുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് മരണ വിവരം പുറത്തുവന്നത്. മൃതദേഹം ലഭിച്ച സാഹചര്യത്തിൽ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
Discussion about this post