പാലക്കാട്: പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനെതിരെ സൈബർ ആക്രമണവുമായി കോൺഗ്രസ് പ്രവർത്തകർ. മഹാരാഷ്ട്രയിൽവച്ച് സിപിഎം നേതാക്കളുമായി കൈകോർത്ത് പിടിച്ചുള്ള ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് സൈബർ ആക്രമണം ആരംഭിച്ചത്. മഹരാഷ്ട്രയിൽ ഇൻഡി സഖ്യത്തിന്റെ പ്രചാരണ വേദികളിലെ സ്ഥിര സാന്നിദ്ധ്യമാണ് ചാണ്ടി ഉമ്മൻ.
കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ മഹാരാഷ്ട്രയിൽ എത്തി പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിയ്ക്കുന്ന ചാണ്ടി ഉമ്മനെതിരെ നേരത്തെ തന്നെ പ്രവർത്തകരിൽ നിന്നും വിമർശനം ഉയർന്നിരുന്നു. എന്നാൽ സിപിഎമ്മുമായുള്ള ചിത്രത്തോടെ ഇത് പരസ്യവിമർശനത്തിന് വഴിവയ്ക്കുകയായിരുന്നു.
ചാണ്ടി ഉമ്മനുമായി അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് പാലക്കാട്ടെയും ചേലക്കരയിലെയും സ്ഥാനാർത്ഥികൾ ആയ രാഹുൽ മാങ്കൂട്ടവും രമ്യ ഹരിദാസും. എന്നാൽ ഇവരുടെ പ്രചാരണങ്ങളിൽ ചാണ്ടി ഉമ്മൻ സജീവമായിരുന്നില്ല. പേരിന് വന്ന് പോകുക മാത്രമാണ് ചെയ്തത്. ഇതുമാത്രമല്ല, കേരളത്തിൽ പരസ്പരം കടിച്ച് കീറുകയാണ് എൽഡിഎഫും യുഡിഎഫും. ഇത് മറന്നാണ് ചാണ്ടി ഉമ്മൻ സിപിഎമ്മിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. സഖ്യമൊക്കെ ആകാം, പക്ഷെ പ്രവർത്തകരുടെ വികാരം മാനിക്കണം എന്നാണ് അണികൾ പറയുന്നത്. കേരളത്തിന് പുറത്ത് ഇരു പാർട്ടികളും ഒറ്റ ചങ്ങാതി ആണ്. എന്നാൽ കേരളത്തിൽ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം ആണ്. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്ന വിമർശനവും ഉയരുന്നുണ്ട്. പാലക്കാട് സിപിഎം വോട്ട് കോൺഗ്രസ്സിനോ!
കോൺഗ്രസ് വോട്ട് സിപിഎംനോ എന്ന് ചോദിക്കുന്നവരും ഉണ്ട്.
Discussion about this post