പാലക്കാട്: മണ്ഡലത്തിൽ ഉറപ്പായും ഇക്കുറി വിജയിക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. വോട്ട് രേഖപ്പെടുത്തുന്നതിന് മുന്നോടിയായി ചിന്മയ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കുറി തികഞ്ഞ വിജയ പ്രതീക്ഷയിൽ ആണ്. വികസനത്തിനായി ജനങ്ങൾ വോട്ട്‌ചെയ്യും. ന്യൂനപക്ഷ വിഭാഗവും ബിജെപിയ്ക്ക് ഒപ്പം ആയിരിക്കും. അക്കാര്യത്തിൽ ഉറപ്പുണ്ട്. ബിജെപി ജില്ലാ അദ്ധ്യക്ഷനെതിരെ ഉയർന്ന ആരോപണത്തിൽ കഴമ്പില്ല. നിശ്ചയിച്ച ബൂത്തിൽ തന്നെ അദ്ദേഹം വോട്ട് ചെയ്യും.
മുനമ്പം വിഷയം പാലക്കാട്ടെയും ചർച്ചയാണ്. അതുംവോട്ടായി മാറും. പി. സരിനുമായി ബന്ധപ്പെട്ട പരസ്യവിവാദം ബിജെപിയ്ക്ക് ഗുണം ചെയ്യും. ഇരു മുന്നണികൾക്കും ഉള്ളത് ഒരേ സമീപനം ആണെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
അതേസമയം പാലക്കാട് തിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെയായിരുന്നു വോട്ടെടുപ്പ് ആരംഭിച്ചത്. ആറരയോടെ തന്നെ വോട്ട് രേഖപ്പെടുത്താൻ ആളുകൾ ബൂത്തുകളിലേയ്ക്ക് എത്തി തുടങ്ങിയിരുന്നു.
Discussion about this post