ന്യൂയോർക്ക്: സൂര്യനിലെ ഏറ്റവും വലിയ സൗരകളങ്കം ഭൂമിയ്ക്ക് അഭിമുഖമായി വരുന്നതായി ഗവേഷകർ. ഏതാനും ദിവസങ്ങൾക്കുള്ളിൽ വലിയ സൗരകളങ്കമുള്ള ഭാഗം ഭൂമിയ്ക്ക് അഭിമുഖമായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെ വരുമ്പോൾ ഈ ഭാഗത്ത് നിന്നുള്ള സൗരജ്വാല നേരിട്ട് ഭൂമിയിലേക്ക് എത്തുന്നതിന് കാരണമായേക്കാം.
എആർ3901 എന്ന പേര് നൽകിയിരിക്കുന്ന സൗരകളങ്കം ആണ് ഭൂമിയ്ക്ക് അഭിമുഖമായി എത്തുന്നത്. ഇതുവരെ സൂര്യനിൽ ഉണ്ടായ സൗരകളങ്കങ്ങളിൽ ഏറ്റവും വലിയ സൗരകളങ്കം ആണ് ഇത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ ഭാഗത്ത് നിന്നും തുടർച്ചയായി സൗരജ്വാലകൾ പ്രവഹിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇതിന്റെ വേഗതയും ശക്തിയും വർദ്ധിക്കും. ഈ സാഹചര്യത്തിൽ സൗരകളങ്കം ഭൂമിയ്ക്ക് അഭിമുഖമായി എത്തുന്നതിനെ അൽപ്പം ആശങ്കയോടെയാണ് ശാസ്ത്രലോകം കാണുന്നത്.
തിങ്കളാഴ്ച ഈ സൗരകളങ്കത്തിൽ നിന്നും മീഡിയം ക്ലാസിൽ വരുന്ന സൗരജ്വാലകൾ ഒൻപത് തവണ പ്രവഹിച്ചിരുന്നു. ഈ ജ്വാലകളോ ഇതേ തുടർന്നുണ്ടാകുന്ന സൗരകാന്തിക കൊടുങ്കാറ്റോ ഭൂമിയെ ബാധിച്ചിട്ടില്ല. എന്നാൽ ഭൂമിയ്ക്ക് അഭിമുഖമായി എത്തുമ്പോൾ ഇത്തരം സംഭവങ്ങൾ അൽപ്പം പ്രശ്‌നമായേക്കാം. വരും ദിവസങ്ങളിൽ സൗരജ്വാകളുടെ ശക്തി 60 ശതമാനം ആയി വർദ്ധിക്കാം. ഇത് ഭീതി ഇരട്ടിയാക്കുന്നുണ്ട്.
സൂര്യന്റെ അന്തരീക്ഷത്തിൽ പെട്ടെന്നും, ശക്തിയായും വികിരണം ഉണ്ടാകുമ്പോഴാണ് സൗരകളങ്കങ്ങൾ രൂപം കൊള്ളാറുള്ളത്. മില്യൺ കണക്കിന് ഹൈഡ്രജൻ ബോംബിന്റെ ശക്തിയ്ക്ക് തുല്യമാണ് സൂര്യനിൽ നിന്നും ഉണ്ടാകുന്ന വികിരണം. സൂര്യന്റെ വികിരണത്തെ പൊട്ടിത്തെറിയായിട്ടാണ് കണക്കാക്കുന്നത്. ഇത്തരത്തിൽ പൊട്ടിത്തെറിയ്ക്കുമ്പോൾ പുറത്തുവരുന്ന സൗരജ്വാലകൾ ബഹിരാകാശത്തെ സാറ്റ്‌ലൈറ്റുകളെ പ്രതികൂലമായി ബാധിക്കും. ഇത്തരം ജ്വാലകൾ ചിലപ്പോഴെല്ലാം ഭൂമിയുടെ കാന്തിക മണ്ഡലവുമായി സമ്പർക്കത്തിൽ വരാറുണ്ട്. ഇതിന്റെ ഫലമായാണ് സൗരകാന്തിക കൊടുങ്കാറ്റും, ഭൗമകാന്തിക കൊടുങ്കാറ്റുമെല്ലാം ഉണ്ടാകുന്നത്.
Discussion about this post