പെർത്ത് : ബോർഡർ ഗവാസ്കർ ട്രോഫിക്കായുള്ള ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ നടക്കുന്നത് കനത്ത പോരാട്ടം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 150 റൺസിന് ഓൾഔട്ടായി. എന്നാൽ അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ച ഇന്ത്യ ഒന്നാം ദിനം അവസാനിക്കുമ്പോൾ 67 റൺസിനിടെ ഏഴ് ഓസീസ് വിക്കറ്റുകൾ പിഴുതെറിഞ്ഞു. 19 റാൺസുമായി വിക്കറ്റ് കീപ്പർ ബാറ്റ്മാം ൻ അലക്സ് കാരിയും 6 റൺസുമായി മിച്ചൽ സ്റ്റാർക്കുമാണ് ക്രീസിൽ.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യൻ ബാറ്റ്സ്മാന്മാരെ വട്ടം ചുറ്റിക്കുന്ന പ്രകടനമായിരുന്നു ഓസീസ് പേസ് ബൗളർമാർ പുറത്തെടുത്തത്. സ്റ്റാർ ബാറ്മാസ് ൻ യശസ്വി ജെയ്‌സ്വാളിനെ മിച്ചൽ സ്റ്റാർക്ക് പൂജ്യത്തിന് പുറത്താക്കിയതോടെ ഇന്ത്യ ഒരു വിക്കറ്റിന് 5 റൺസ് എന്ന നിലയിലായി. മൂന്നാമനായി എത്തിയ ദേവദത്ത് പടിക്കൽ 23 പന്തുകൾ നേരിട്ടെങ്കിലും റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഹേസൽവുഡിനായിരുന്നു വിക്കറ്റ്.
മോശം ഫോം തുടരുകയാണെന്ന സൂചന നൽകി വിരാട് കോഹ്‌ലി സ്ലിപ്പിൽ ഉസ്മാൻ ഖവേജയ്ക്ക് പിടി കൊടുത്തതോടെ ഇന്ത്യ പരുങ്ങലിലായി. സ്കോർ മൂന്നു വിക്കറ്റിന് 32 റൺസ്. 26 റൺസെടുത്ത കെ.എൽ രാഹുൽ നിലയുറപ്പിക്കുമെന്ന് തോന്നിയെങ്കിലും ഡി.ആർ.എസിലൂടെ സംശയകരമായ സാഹചര്യത്തിൽ പുറത്തായി. ധ്രുവ് ജുറേലിനും വാഷിംഗ്ടൺ സുന്ദറിനും ഓസീസ് പേസർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 73 റൺസിനിടെ ആറു വിക്കറ്റുകൾ നിലംപൊത്തി.
ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന നിതീഷ് കുമാർ റെഡ്ഡി- ഋഷഭ് പന്ത് കൂട്ടുകെട്ട് നേടിയ 48 റൺസാണ് ഇന്ത്യയെ നൂറു കടത്തിയത്. 37 റൺസെടുത്ത് ഋഷഭ് പന്തും 41 റൺസെടുത്ത് നിതീഷ് റെഡ്ഡിയും പുറത്തായതോടെ ഇന്ത്യൻ ബാറ്റിംഗ് 150 റൺസിൽ അവസാനിച്ചു. വാലറ്റത്തിൽ ആർക്കും കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞതുമില്ല. ഓസീസ് പേസർമാരിൽ ഏറ്റവും അപകടകാരിയായത് ജോഷ് ഹേസൽവുഡാണ് 29 റൺസിന് 4 വിക്കറ്റുകൾ വീഴ്ത്തിയ ഹേസൽ വുഡിന് രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി മിച്ചൽ സ്റ്റാർക്കും കമ്മിൻസും മിച്ചൽ മാർഷും മികച്ച പിന്തുണ നൽകി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനും കണക്കുകൂട്ടലുകൾ പിഴച്ചു. ക്യാപ്ടൻ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിൽ ആഞ്ഞടിച്ച പേസർമാർ ഓസ്ട്രേലിയയുടെ മുൻനിരയെ ചുരുട്ടിക്കെട്ടി. ഓപ്പണർമാരെയും സ്റ്റീവ് സ്മിത്തിനേയും ആദ്യം തന്നെ ബൂമ്ര പുറത്താക്കി. അപകടകാരിയായ ട്രെവിസ് ഹീഡിനെ ഹർഷിത് റാണ ക്ലീൻ ബൗൾഡാക്കി. ലബുഷാനെയും മിച്ചൽ മാർഷിനേയും തിരിച്ചയച്ച് മൊഹമ്മദ് സിറാജും കരുത്ത് തെളിയിച്ചു. ഒന്നാം ദിനം അവസാനിക്കുന്നതിനു മുൻപ് പാറ്റ് കമ്മിൻസിനെ ഋഷഭ് പന്തിന്റെ കൈകളിൽ എത്തിച്ച് ബൂമ്ര അടുത്ത പ്രഹരം നൽകിയതോടെ കളിയിൽ ഇന്ത്യ മുൻതൂക്കം നേടി. രണ്ടാം ദിനത്തിൽ ഓസ്ട്രേലിയൻ വാലറ്റത്തെ എത്രയും പെട്ടെന്ന് പുറത്താക്കുക എന്ന ലക്ഷ്യം നേടാനായാൽ കളിയിൽ ഇന്ത്യ വലിയ മേൽക്കൈ നേടും.
Discussion about this post