രാജ്‌കോട്ട് : ടി 20 മത്സരത്തിൽ തുടർച്ചയായി മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യ താരമായി തിലക് വർമ്മ. ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചൂറിയനിലും ജോഹനാസ്ബർഗിലും സെഞ്ച്വറികൾ നേടിയ താരം സയ്യ്ദ് മുഷ്താഖ് അലി ട്രോഫിക്ക് വേണ്ടി ഹൈദരാബാദിനു വേണ്ടിയാണ് സെഞ്ച്വറി നേടിയത്. മേഘാലയക്കെതിരേയായിരുന്നു തിലകിന്റെ തകർപ്പൻ സെഞ്ച്വറി.
മത്സരത്തിൽ മൂന്നാമനായി ഇറങ്ങിയ തിലക് വർമ്മ 67 പന്തിൽ 151 റൺസാണ് അടിച്ചുകൂട്ടിയത്. പതിനാല് ബൗണ്ടറികളും പത്ത് കൂറ്റൻ സിക്സറുകളും പറത്തിയ തിലക് വർമ്മ ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് പുറത്തായത്. മീഡിയം പേസർ ദിപ്പു സംഗ്മയുടെ 18 പന്തിൽ അൻപത് റൺസടിച്ചു കൂട്ടിയ തിലക് ഹൈദരാബാദിന്റെ സ്കോർ 248 റൺസിലെത്തിച്ചു. 69 റൺസ് മാത്രമാണ് മേഘാലയക്ക് മറുപടിയായി സ്കോർ ചെയ്യാനായത്.
ഹൈദരാബാദിനു വേണ്ടി 2018-19 ൽ അരങ്ങേറ്റം കുറിച്ച തിലക് വർമ്മ 2020 ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2021-22 ലെ സയ്യദ് മുഷ്താഖ് അലി ട്രോഫിക്ക് വേണ്ടിയുള്ള മത്സരങ്ങളിൽ ഏറ്റവും റൺസ് നേടിയ രണ്ടാമത്തെ ബാറ്ററായതോടെ ഐപിഎല്ലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുംബൈ ഇന്ത്യൻസ് ടീമിലാണ് തിലകിന് അവസരം ലഭിച്ചത്. ഐപിഎല്ലിലെ മികവാണ് ഇന്ത്യൻ ടീമിലേക്ക് വഴികാട്ടിയായത്.
ഇന്ത്യക്ക് വേണ്ടി 20 ടി20 മത്സരങ്ങൾ കളിച്ച തിലക് 161.25 സ്ട്രൈക്ക് റേറ്റിൽ . രണ്ട് അർദ്ധ സെഞ്ച്വറികളും രണ്ട് സെഞ്ച്വറികളുമടക്കം 616 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ തുടർച്ചയായ രണ്ട് സെഞ്ച്വറികൾ നേടുകയും പരമ്പരയിലെ താരമാവുകയും ചെയ്തിരുന്നു.
Discussion about this post