പഴം കഴിച്ച് തൊലി വലിച്ചെറിയുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ ഈ പഴത്തൊലിയുടെ ഗുണങ്ങൾ അറിഞ്ഞാൽ പിന്നീട് ഒരിക്കലും അവ അങ്ങനെ വലിച്ചെറിഞ്ഞു കളയില്ല. ധാരാളം പോഷകങ്ങളും ഫൈറ്റോ ന്യൂട്രിയൻ്റുകളും അടങ്ങിയിട്ടുള്ള പഴത്തൊലി ചർമം സുന്ദരമാക്കാനും മുടിയുടെ സംരക്ഷണത്തിനും ഏറെ സഹായകരമാണ്. ധാരാളം ആന്റി ഓക്സിഡന്റ് ഗുണങ്ങളും പഴത്തൊലിയിൽ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളിൽ നിന്നും സൂര്യാഘാതത്തിൽ നിന്നും നമ്മുടെ ചർമ്മത്തെ സംരക്ഷിക്കുന്നു.
ഫാറ്റി ആസിഡിൻ്റെ സമ്പന്നമായ ഉറവിടമാണ് വാഴപ്പഴത്തിന്റെ തൊലി. ഇത് തലയോട്ടി വൃത്തിയാക്കാനും താരൻ ഇല്ലാതാക്കാനും സഹായിക്കും. കൂടാതെ സോറിയാസിസ്, എക്സിമ എന്നിവ ഭേദപ്പെടുത്തുന്നതിനും പഴത്തൊലി ഉപയോഗിക്കാവുന്നതാണ്. പഴത്തൊലിയിൽ ധാരാളം ഈർപ്പവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ചർമ്മത്തിലും മുടിയിലും ജലാംശം നിലനിർത്തി മോയ്സ്ചറൈസ്ഡ് ഇഫക്റ്റ് നൽകുന്നു.
ചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നതിനും ചുളിവുകൾ അകറ്റുന്നതിനും ആയി പഴത്തൊലി എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഇതിനായി ആദ്യം മുഖം ചെറു ചൂടുവെള്ളത്തിൽ നന്നായി കഴുകിയശേഷം തുണികൊണ്ട് നനവ് ഒപ്പിയെടുക്കുക. തുടർന്ന് പഴത്തൊലി കൊണ്ട് മുഖം നന്നായി മസാജ് ചെയ്യുക. തുടർന്ന് തണുത്ത വെള്ളവും ഫേസ് വാഷും ഉപയോഗിച്ച് മുഖം കഴുകാവുന്നതാണ്.
ഏത്തപ്പഴത്തിന്റെ തൊലികൊണ്ട് ഉണ്ടാക്കുന്ന ഫേസ് മാസ്കും ചർമ്മ സംരക്ഷണത്തിന് ഏറെ ഗുണകരമാണ്. ഇത് തയ്യാറാക്കാനായി പകുതി വാഴപ്പഴത്തിന്റെ തൊലി ചെറിയ കഷണങ്ങളായി മുറിക്കുക. ഇതിൽ കുറച്ച് പാൽ ചേർത്തരച്ച് പേസ്റ്റ് ഉണ്ടാക്കുക. ഇനി ഇത് അര മണിക്കൂർ മുഖത്ത് പുരട്ടുക. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് തേനും തൈരും ചേർക്കാവുന്നതാണ്. ഇത് ഉണങ്ങിയ ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകിക്കളയാം.
Discussion about this post