പ്രകൃതിയിലെ സകലതിനെയും വരുതിയിലാക്കണമെന്നും കാൽക്കീഴിലാക്കണമെന്നും ദുരാഗ്രഹം പുലർത്തുന്നവരാണ് മനുഷ്യകുലത്തിലെ പലരും. കീഴടക്കുന്നതിന്റെ ലഹരി അവന് നന്നേ ഇഷ്ടപ്പെട്ട് കഴിഞ്ഞു. അവൻ തോറ്റ് മടങ്ങിയത് പ്രകൃതിയ്ക്ക് മുൻപിലാണ്. ഭൂമിയിലും പുറത്തും നടക്കുന്നതിനെ ഒന്നും മനുഷ്യന് ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല. മനുഷ്യന്റെ ചെയ്തികൾ കാലാവസ്ഥാ വ്യതിയാനം പോലെയുള്ള ചില പ്രശ്‌നങ്ങൾ ഭൂമിയ്ക്ക് ഉണ്ടാക്കിയത് ഒഴിച്ച്
ഭൂമിയിൽ സ്വാഭാവികമായി നടക്കുന്ന എന്തിനെയങ്കിലും നിയന്ത്രിച്ച് നിർത്താൻ മനുഷ്യന് സാധിക്കുമോ ഇല്ല എന്നാണ് ആദ്യം വരുന്ന ഉത്തരമെങ്കിൽ പൂർണമായും ശരിയല്ലെന്ന് അറിഞ്ഞോളൂ. ഭൂമിയുടെ കറക്കത്തെ പോലും സ്വാധീനിക്കാൻ നമ്മൾ മനുഷ്യർക്ക് കഴിഞ്ഞിട്ടുണ്ട്. ചൈനയിൽ നിർമിച്ച ഒരു അണക്കെട്ട് ഭൂമിയുടെ ഭ്രമണത്തിന്റെ വേഗതകുറച്ച് ദിവസങ്ങളുടെ ദൈർഘ്യം പോലും വർധിപ്പിക്കുന്നുണ്ട്. ത്രീ ഗോർജസ് ഡാം എന്ന അണക്കെട്ടാണ് ഇതിനുപിന്നിൽ.
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയായ യാംഗ്സി കിയാംഗ് നദിക്ക് കുറുകെ ചൈനയിലെ സാൻഡൂപിങ് പട്ടണത്തിനടുത്ത് 2012ൽ പണിക്കഴിപ്പിച്ച കൂറ്റൻ അണക്കെട്ടാണ് ത്രീ ഗോർജസ് അണക്കെട്ട്. 22500 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള ഈ അണക്കെട്ട് ലോകത്തിലെ ഏറ്റവും അധികം സ്ഥാപിതശേഷിയുള്ള വൈദ്യുതിനിലയം ആണ്. വൈദ്യുതോൽപ്പാദനത്തിന് പുറമേ ചൈനയുടെ ചരിത്രത്തിലുടനീളം വിനാശകരമായ നിരവധി വെള്ളപ്പൊക്കത്തിന് കാരണമായ യാങ്സി നദിയിൽ നിന്നുള്ള വെള്ളപ്പൊക്ക സാധ്യത കുറയ്ക്കുന്നതിനുവേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ അണക്കെട്ട്. യാങ്‌സി നദിയിലെ ജലഗതാഗതം മെച്ചപ്പെടുത്താനുംകൂടിയാണ് അണക്കെട്ട് നിർമ്മിച്ചത്. അണക്കെട്ട് നിർമാണത്തിന്റെ ഭാഗമായി പ്രദേശത്തെ 13 ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നിട്ടുണ്ട്.
വെള്ളപ്പൊക്കം നിയന്ത്രിക്കുക എന്നതായിരുന്നു അണക്കെട്ടിന്റെ നിർമ്മാണത്തിന് പിന്നിലെ ഉദ്ദേശം. ഇത് നിർമ്മിക്കപ്പെട്ടതോടെ ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത 0.06 മൈക്രോ സെക്കൻഡുകൾ കുറഞ്ഞുവെന്ന് നാസ സ്ഥിരീകരിച്ചിരുന്നു. 335 മീറ്റർ നീളവും 185 മീറ്റർ ഉയരവുമാണ് ഡാമിനുള്ളത്. 10 ട്രില്യൺ ഗാലൺ (40 ക്യുബിക്ക് കിലോമീറ്റർ) വെള്ളം സംഭരിക്കാനുള്ള ശേഷിയാണ് അണക്കെട്ടിന്റെ റിസർവോയറിനുള്ളത്. ഈ അധികഭാരം മൂലം ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത മന്ദഗതിയിൽ ആയതോടെയാണ് ദിവസം പൂർത്തിയാകാൻ 0.06 മൈക്രോ സെക്കന്റ് അധികം വേണ്ടിവന്നു തുടങ്ങിയത്. കറങ്ങുന്ന പമ്പരത്തിനു മുകളിൽ അല്പം ഭാരം വച്ചാൽ കറക്കത്തിന്റെ വേഗത കുറയുന്നതിന് സമാനമായ രീതിയിലാണ് അണക്കെട്ട് ഭൂമിക്ക് മേൽ പ്രവർത്തിച്ചത്. അതുകൊണ്ടും തീർന്നില്ല ഭൂമിയുടെ ധ്രുവസ്ഥാനത്തെ ഏകദേശം 2 സെന്റിമീറ്റർ (0.8 ഇഞ്ച്) മാറ്റാനും അങ്ങനെ ഭൂമിയെ ഒന്നുകൂടി ഉരുട്ടിയെടുക്കാനും അണക്കെട്ടിന് സാധിച്ചിട്ടുണ്ട്.
Discussion about this post