വാഷിംഗ്ടൺ; സ്ത്രീകൾക്ക് ഏറ്റവും അപകടം പിടിച്ച സ്ഥലം വീടാണെന്ന് യുഎൻ റിപ്പോർട്ട്. പങ്കാളിയാലോ ബന്ധുവാലോ 2023ൽ ഒരു ദിവസം കൊല്ലപ്പെട്ട സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം ശരാശരി 140തെന്ന് ഐക്യരാഷ്ട്ര സംഘടന(യുഎൻ)യുടെ കണക്കുകൾ വ്യക്തമാക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തിൽ യുഎൻ വുമൺ, യുഎൻ ഡ്രഗ്‌സ് ആൻഡ് ക്രൈം ഓഫിസ് എന്നിവർ പുറത്തിറക്കിയതാണ് റിപ്പോർട്ട്.
സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ സ്ഥലം വീടാണ്.സ്ത്രീകളും പെൺകുട്ടികളും ഏറ്റവും സുരക്ഷിതമായി കഴിയേണ്ട വീടുകളിൽ വച്ചും അക്രമ സംഭവങ്ങളേയാണ് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നതെന്നാണ് യുഎൻ വുമൺ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടർ ന്യാരാഡ്‌സായി ഗംബോൺസാവൻഡ കണക്കുകളുടെ അടിസ്ഥാനത്തിൽ വിശദമാക്കുന്നത്. വലിയൊരു മഞ്ഞുമലയുടെ അഗ്രം മാത്രമാണ് ഈ കണക്കെന്നാണ് ഇവർ വിശദമാക്കുന്നത്.കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 140 സ്ത്രീകളും പെൺകുട്ടികളുമാണ് പങ്കാളിയാലോ അടുത്ത കുടുംബാംഗങ്ങളിൽ നിന്നോ പീഡനമേറ്റ് കൊല്ലപ്പെട്ടിട്ടുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ 2023-ൽ ഏകദേശം 51,100 സ്ത്രീകളുടെയും പെൺകുട്ടികളുടെയും മരണത്തിന് ഉത്തരവാദി ഒരു അടുപ്പമുള്ള പങ്കാളിയോ കുടുംബാംഗമോ ആണ്. 2022-ൽ ഇത് 48,800 ആയിരുന്നു. ‘എല്ലായിടത്തും സ്ത്രീകളും പെൺകുട്ടികളും ആക്രമണത്തിന് വിധേയരാകുന്നു, ഒരു പ്രദേശവും ഒഴിവാക്കപ്പെടുന്നില്ല. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഏറ്റവും അപകടകരമായ സ്ഥലമാണ് വീട്’ എന്നാണ് യുഎൻ ഏജൻസികളുടെ റിപ്പോർട്ട്.
എല്ലായിടത്തും സ്ത്രീകളും പെൺകുട്ടികളും ലിംഗാധിഷ്ഠിത അക്രമത്തിന് വിധേയരാകുന്നുവെന്നും ഒരു പ്രദേശവും ഒഴിവാക്കപ്പെടുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ആഫ്രിക്കയിലാണ് പങ്കാളികളാൽ കൊല്ലപ്പെട്ട സംഭവങ്ങൾ ഏറ്റവും കൂടുതൽ നടന്നത്. 2023ൽ 21,700 പേരാണ് ആഫ്രിക്കയിൽ കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും സ്ത്രീകളെ കൊലപ്പെടുത്തുന്നത് കൂടുതലും അടുപ്പമുള്ള പങ്കാളികളാണെന്ന് റിപ്പോർട്ട് പറയുന്നു. പുരുഷന്മാരുടെ കൊലപാതകങ്ങളിൽ ഭൂരിഭാഗവും വീടുകൾക്കും കുടുംബങ്ങൾക്കും പുറത്താണ് നടക്കുന്നതെന്നും റിപ്പോർട്ട് പരാമർശിക്കുന്നു.
Discussion about this post