കോഴിക്കോട്; പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ യുവതിയുടെ പരാതിയിൽ ഭർത്താവ് രാഹുലിനെതിരെ പന്തീരാങ്കാവ് പോലീസ് കേസെടുത്തു. രാഹുൽ മർദനമേറ്റതായി കാണിച്ച് യുവതി നൽകിയ പരാതിയിലാണ് നടപടി. ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി ഒന്നരമാസത്തിനിടെയാണ് പുതിയ കേസ്. ഇന്നലെ രാത്രി മർദനമേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിന്റെ ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ (26) ആണ് ഭർതൃവീട്ടിൽനിന്നു പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.യുവതിയുടെ ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ട്.മീൻകറിക്ക് പുളിയില്ലെന്ന് പറഞ്ഞ് ഭർത്താവായ രാഹുൽ പി. ഗോപാൽ മർദിച്ചെന്നാണ് യുവതിയുടെ ഇപ്പോഴത്തെ ആരോപണം. അമ്മയെ ഫോണിൽ വിളിച്ചതിന്റെ പേരിൽ ഭർത്താവ് ഉപദ്രവിച്ചതായും യുവതിയുടെ പരാതിയിലുണ്ട്.
ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് പറഞ്ഞുകൊണ്ട് യുവതി മുമ്പ് രംഗത്തെത്തിയിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം കഴിഞ്ഞപ്പോഴായിരുന്നു ആരോപണവുമായി എത്തിയത്. ഭർത്താവ് ബെൽറ്റുകൊണ്ട് മർദ്ദിച്ചുവെന്നും ചാർജർ കേബിൾ വച്ച് കഴുത്തുമുറുക്കിയെന്നുമൊക്കെ പറഞ്ഞിരുന്നു. മദ്യലഹരിയിൽ രാഹുൽ മർദിച്ചെന്നും മൊബൈൽ ചാർജറിന്റെ കേബിൾ കഴുത്തിലിട്ട് മുറുക്കിയെന്നുമായിരുന്നു അന്ന് യുവതി നൽകിയ മൊഴി. സ്ത്രീധനമായി കൂടുതൽ പണവും കാറും ആവശ്യപ്പെട്ടതായും അന്ന് ആരോപിച്ചിരുന്നു. ഒരുമിച്ച് കുളിക്കാത്തതിന് രാഹുൽ പിണങ്ങിയെന്നും രാഹുലിന് ചോറുവാരികൊടുക്കാൻ നിർബന്ധിച്ചെന്നുമെല്ലാം യുവതി അന്ന് പ്രതികരിച്ചിരുന്നു.
സ്ത്രീധനം ആവശ്യപ്പെട്ടെന്നും ആരോപിച്ചിരുന്നു. പോലീസ് കേസെടുക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ തന്നെ ഭർത്താവ് ഉപദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് യൂട്യൂബ് വീഡിയോയിലൂടെ യുവതി വീണ്ടും രംഗത്തെത്തി.ബന്ധുക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് ഭർത്താവായ രാഹുലിനെതിരെ പരാതി നൽകിയതെന്നും യുവതി പറഞ്ഞു. പിന്നാലെ പരാതിയില്ലെന്ന് കാണിച്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയും തുടർന്ന് കേസ് റദ്ദാക്കുകയും ചെയ്തു.
Discussion about this post