ആഡംബര ജീവിതവും സ്വർഗം പോലത്തെ സൗകര്യവും സ്വപ്‌നം കാണുന്നവർക്കെല്ലാം അമ്പരപ്പുള്ള ജീവിതവും തീരുമാനങ്ങളുമാണ് വെൺ അജാൻ സിരിപന്യോയുടേത്. 18 ാം വയസിൽ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് കാവിയുടുത്ത യുവഭിക്ഷു. പിതാവിന്റെ 40,000 കോടിയുടെ സ്വത്തുക്കൾ വേണ്ടെന്ന് വച്ചാണ് അജാൻ സിരിപന്യോ സന്യാസ ജീവിതം തിരഞ്ഞെടുത്തത്. തായ്ലൻഡ്-മ്യാന്മർ അതിർത്തിയിലെ വനപ്രദേശത്ത് മഠാധിപതിയായി കഴിയുകയാണ് അജാൻ സിരിപന്യോ.18-ാം വയസ്സിൽ എടുത്ത തീരുമാനമാണത്.കഴിഞ്ഞ 20 വർഷത്തോളമായി ബുദ്ധസന്യാസിയായി വനങ്ങളിലും മറ്റുമാണ് സിരിപന്യോ കഴിഞ്ഞുവരുന്നത്. ഒരു താമാശ രൂപേണ സ്വീകരിച്ച ജീവിതശൈലി അധികം വൈകാതെ സന്യാസമായി മാറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്
മലേഷ്യയിലെ ഏറ്റവും വലിയ കോടീശ്വരൻമാരിൽ ഒരാള ആനന്ദ കൃഷ്ണന്റെ മകനാണ് അജാൻ. രാജ്യത്തെ സമ്പന്നരുടെ പട്ടികയിൽ മൂന്നാമതാണ് ഇദ്ദേഹത്തിന്റെ സ്ഥാനം. ആനന്ദ കൃഷ്ണന്റെ ഒരേയൊരു മകനാണ് അജാൻ. ഐപിഎൽ ടീം ചൈന്നൈ സൂപ്പർ കിംഗിസിനെ സ്‌പോൺസർ ചെയ്തിരുന്ന ഫോൺ കമ്പനിയായ എയർസെലിന്റെ ഉടമ കൂടിയാണ് ആനന്ദകൃഷ്ണ. ശ്രീലങ്കയിൽ നിന്ന് മലേഷ്യയിലേക്ക് കുടിയേറിയ തമിഴ് വംശജനായ ആനന്ദ കൃഷ്ണന് ടെലികോം രംഗത്തു മാത്രമല്ല ബിസിനസുകൾ. ആനന്ദ കൃഷ്ണന്റെ ഒൻപത് കമ്പനികളിലെ ഓഹരികളും ഭീമമായ സമ്പത്തും അദ്ദേഹത്തെ മലേഷ്യയിലെ തന്നെ ഏറ്റവും സമ്പന്നരിൽ ഒരാളാക്കി മാറ്റിയിരുന്നു. ടെലികോം, മീഡിയ, ഓയിൽ ആൻഡ് ഗ്യാസ്, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിലെ അച്ഛന്റെ ബിസിനസ് ഏറ്റെടുത്ത് വിപുലീകരിക്കാൻ ഏക മകൻ സിരിപന്യോ നിയോഗിക്കപ്പെട്ടിരുന്നു. ടെലികോം സാമ്രാജ്യത്തെ നയിക്കാൻ ആയിരുന്നു ആദ്യം അച്ഛൻ ആവശ്യപ്പെട്ടത്. എന്നാൽ സിരിപന്യോ ഇതൊക്കെ നിരസിച്ച് സന്യാസത്തിലേക്ക് തിരിയുകയായിരുന്നു.എന്തായാലും ഇപ്പോൾ ഭിക്ഷ യാചിച്ച് ലളിത ജീവിതം നയിക്കുകയാണ് അദ്ദേഹം.
ഇങ്ങനെയൊക്കെ ആണെങ്കിലും അദ്ദേഹം ഇടയ്ക്കിടെ വന്ന് കുടുംബത്തെ സന്ദർശിക്കാറുണ്ട്. കാരണം ബുദ്ധമതത്തിന്റെ അനുശാസനങ്ങളിലൊന്നാണ് കുടുംബവുമായുള്ള ബന്ധം നിലനിർത്തുക എന്നത്. അതിനാൽ ഇടയ്ക്കിടെ വന്ന് പിതാവിനെ കാണുകയും പഴയ ജീവിതശൈലി താത്കാലികമായി സ്വീകരിക്കുകയും ചെയ്യുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post