ചെന്നൈ: ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോളേജിലേക്ക് ഹിന്ദുക്കളെ മാത്രമെ ജോലിക്ക് എടുക്കാവൂ എന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രത്തിന്റെ ഫണ്ട് മാത്രം വിനിയോഗിച്ച് സ്ഥാപിതമായ കോളേജുകളിൽ ഹിന്ദുക്കളെ മാത്രമെ ജോലിക്കായി നിയമിക്കാവൂ എന്ന് ഹിന്ദുമത ചാരിറ്റബിൾ എൻഡോവ്മെന്റ്(എച്ച്ആർ ആൻഡ് സിഇ) നിയമത്തിലെ വ്യവസ്ഥകളിൽ നിഷ്‌കർഷിച്ചിരിക്കുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഹിന്ദുവായിരിക്കണമെന്ന നിയമന വിജ്ഞാപനത്തിലെ മാനദണ്ഡം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.കപാലീശ്വരർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് ഇറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് എ സുഹൈൽ എന്ന വ്യക്തി നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഹിന്ദുവല്ലാത്തതിനാൽ നിയമനത്തിന് യോഗ്യതയില്ലെന്നും അതിനാൽ ഭരണഘടന ഉറപ്പുനൽകുന്ന തൊഴിലിടത്തിലെ തുല്യത നഷ്ടപ്പെട്ടെന്നും സുഹൈൽ ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ ഹർജിക്കാരന്റെ വാദങ്ങൾ നിരസിച്ച ഹൈക്കോടതി, വിദ്യാഭ്യാസത്തിനും തൊഴിലിലും തുല്യ അവസരവും വിവേചനവും കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 16(1), 16(2) എന്നിവയുടെ കീഴിലല്ല കോളേജ് വരുന്നതെന്നും അത് ഭരണഘടനയുടെ ആർട്ടിക്കിൾ 16(5)ന്റെ കീഴിലാണെന്നും വ്യക്തമാക്കി.
പ്രസ്തുത കോളേജ് ആരംഭിച്ചത് ക്ഷേത്രമാണെന്നും ഇത് എച്ച്ആർ ആൻഡ് സിഇ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു മതസ്ഥാപനമാണെന്നും ജസ്റ്റിസ് വിവേക് കുമാർ സിംഗ് നിരീക്ഷിച്ചു. നിയമത്തിലെ 10ാം വകുപ്പ് അനുസരിച്ച് കോളേജിലേക്കുള്ള നിയമനം ഹിന്ദുമതം പിന്തുടരുന്ന വ്യക്തികൾക്ക് മാത്രമെ നൽകാൻ പാടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post