വയനാട്: കൈക്കൂലി കേസില്‍ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1,00,000 രൂപ പിഴയും വിധിച്ച് വിജിലൻസ് കോടതി. വയനാട് സുൽത്താൻ ബത്തേരി മുൻ സെയിൽസ് ടാക്സ് ഓഫീസറായിരുന്ന സജി ജേക്കബിനെയാണ് ശിക്ഷിച്ചത്. ഒരു സ്വകാര്യ സ്ഥാപന ഉടമയിൽ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് തലശ്ശേരി വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. തലശ്ശേരി വിജിലൻസ് കോടതി ജഡ്ജ് കെ. രാമകൃഷ്ണൻ ആണ് ശിക്ഷ വിധിച്ചത്.
2015 ജനുവരി ഏഴാം തിയതിയാണ് കേസിന് ആസ്പദമായ സംഭവം. സെയിൽസ് ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ഒരു സ്വകാര്യ സ്ഥാപന ഉടമയിൽ നിന്നും സജി ജേക്കബ് 25000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. സ്ഥാപന ഉടമ വിവരം വിജിലൻസിൽ അറിയിച്ചു.
ഇതിന് പിന്നാലെ, ഇയാൾ കൈക്കൂലി വാങ്ങവെ വയനാട് വിജിലൻസ് യൂണി യുണിറ്റ് കൈയ്യോടെ പിടികൂടുകയായിരുന്നു. തുടർന്ന് വിജിലൻസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ഉഷാ കുമാരി കെ ഹാജരായി.
Discussion about this post