തൃശ്ശൂർ: പ്രശസ്ത സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ മരണം കൊലപാതകം ആണെന്ന് ആവർത്തിച്ച് പിതാവ് കെ.സി ഉണ്ണി. ബാലഭാസ്‌കറിന്റെ മരണത്തിന്റെ പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നും അദ്ദേഹം പറഞ്ഞു. പെരിന്തൽമണ്ണ കവർച്ച കേസിൽ ബാലഭാസ്‌കറിന്റെ ഡ്രൈവർ ആയിരുന്ന അർജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ഉണ്ണിയുടെ പ്രതികരണം.
മകന്റെ മണത്തിൽ നീതി ലഭിച്ചില്ല. ബാലഭാസ്‌കർ വാഹനാപകടത്തിൽ മരിച്ചതല്ല. മരണം കൊലപാതകം ആണ്. കൊലപാതകത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘം ആണ്. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നീതി ലഭിച്ചില്ല. സിബിഐ സ്വാധീനത്തിന് വഴങ്ങിയെന്നും ഉണ്ണി വ്യക്തമാക്കി.
ബാലഭാസ്‌കറിന്റെ മരണം അന്വേഷിച്ച ഉദ്യോഗസ്ഥർ ഉദാസീനത കാട്ടി. കേസ് പിൻവലിപ്പണമെന്ന ആവശ്യവുമായി ഡിവൈഎസ്പി അനന്തകൃഷ്ണൻ തന്നെ സമീപിച്ചിരുന്നു. സ്വാധീന ശക്തികൾക്ക് വഴങ്ങിയാണ് ഇത്തരത്തിൽ സമീപിച്ചത്. അർജുനെക്കുറിച്ച് പുതിയ വിവരങ്ങൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം വേണം എന്നും ഉണ്ണി ആവശ്യപ്പെട്ടു.
നേരത്തെ ബാലഭാസ്‌കറിന്റെ മരണത്തിൽ അർജുന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അച്ഛനും അർജുന്റെ പങ്ക് ആരോപിച്ച് രംഗത്ത് എത്തുന്നത്. കഴിഞ്ഞ ദിവസമാണ് കവർച്ച കേസിൽ അർജുൻ അറസ്റ്റിലായത്. വാഹനത്തിൽ സ്വർണവുമായി പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് അർജുനും സംഘവും സ്വർണം കവരുകയായിരുന്നു. അർജുനെ കൂടാതെ 12 പേർ പിടിയിലായിട്ടുണ്ട്.
Discussion about this post