കൊച്ചി: ഹേമ കമ്മറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്ന് കുറ്റപ്പെടുത്തി നടി മാലാ പാർവ്വതി. മൊഴിയുടെ പേരിൽ കേസ് എടുക്കുന്നത് ശരിയല്ല. പ്രത്യേക അന്വേഷണസംഘം സിനിമാ പ്രവർത്തകരെ ശല്യം ചെയ്യുകയാണെന്നും ഇനി കേസിന് ഇല്ലെന്ന് വ്യക്തമാക്കിയതാണെന്നും മാല പാർവ്വതി കൂട്ടിച്ചേർത്തു. സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ നിയമനിർമാണമായിരുന്നു ലക്ഷ്യമെന്നും മാല പാർവതി കൂട്ടിച്ചേർത്തു.
തങ്ങൾക്കുണ്ടായ അനുഭവമാണ് മൊഴിയായി നൽകിയത്. മറ്റുള്ളവർക്കുണ്ടായ കേട്ടറിവുകളും പറഞ്ഞിരുന്നു. കേസിന് താൽപ്പര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്. റിപ്പോർട്ടിൽ പേര് പോലും വരരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും മാലാപർവ്വതി പറഞ്ഞു.
ഹേമ കമ്മിറ്റി മൊഴികളിൽ പോലീസ് എടുക്കുന്ന തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി മാലാ പാർവതി സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി സുപ്രീംകോടതി ഡിസംബർ 10 ന് പരിഗണിക്കും. വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി മാലാപാർവതിയുടെ ഹർജിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്.
Discussion about this post