എറണാകുളം: അടുത്തിടെയാണ് സംവിധായകൻ രഞ്ജിത്ത് നടൻ ഒടുവിൽ ഉണ്ണി കൃഷ്ണനെ മുഖത്തടിച്ചകാര്യം ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തൽ മുഖ്യധാര മാദ്ധ്യമങ്ങളിൽ വലിയ വാർത്ത ആയിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ ചർച്ചയും കൊഴുത്തു. ഇതിന് തൊട്ട് പിന്നാലെ ആയിരുന്നു ആലപ്പി അഷ്‌റഫിനെ വിമർശിച്ച് എം പദ്മകുമാർ എത്തിയത്. ഇതോടെ വിഷയം കൂടുതൽ ചർച്ചയായി. ഇപ്പോഴിതാ അന്നുണ്ടായ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ആലപ്പി അഷ്‌റഫ്.
ആറാം തമ്പുരാൻ സിനിമയുടെ സെറ്റിൽവച്ചായിരുന്നു ഒടുവിൽ ഉണ്ണി കൃഷ്ണനെ രഞ്ജിത്ത് മുഖത്ത് അടിച്ചത് എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. ഈ സംഭവത്തെക്കുറിച്ച് നടൻ ഇന്നസെന്റ് അടക്കം പലരും നേരത്തെ പേരെടുത്ത് പറയാതെ പറഞ്ഞിരുന്നുവെന്നാണ് സംവിധായകൻ ഇപ്പോൾ പറയുന്നത്. സെറ്റിൽവച്ച് വൃദ്ധനും രോഗിയുമായ ഒരു മനുഷ്യനെ ഒരു സംവിധായകൻ അടിച്ച് നിലത്തിട്ടുവെന്നാണ് ഇന്നസെന്റ് പറഞ്ഞിട്ടുള്ളത്. അന്ന് ആ നടൻ തിലകൻ ആണെന്നായിരുന്നു ആളുകൾ വിചാരിച്ചിരുന്നത്. ആരുടെയും ചിന്തയിൽ ഒടുവിലിന്റെ പേര് വന്നില്ല.
ഇന്നസെന്റിന് പുറമേ ഈ സംഭവത്തിന് ദൃക്‌സാക്ഷികളായ നിരവധി പേർ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്. സിനിമാ രംഗത്തെ എല്ലാവർക്കും അറിയാവുന്ന പരസ്യമായ രഹസ്യം തന്നെയാണ് ഇത്. ഈ സംഭവം അറിഞ്ഞതിന് ശേഷം പിന്നീട് രഞ്ജിത്തിനോട് സംസാരിച്ചിട്ടില്ല. നേരിൽ കണ്ടാൽ പോലും വഴിമാറി നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post