മധുരപ്രിയരാണ് നമ്മളിൽ പലരും. പ്രമേഹം അമിതവണ്ണം തുടങ്ങിയ പല അവസ്ഥകൾക്കും ഈ മധുരക്കൊതി കാരണമാകുമെന്നറിഞ്ഞാലും മധുരം ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയാകും.മധുരത്തോടുള്ള നമ്മുടെ ആസക്തി വർധിപ്പിക്കുന്ന ഘടകങ്ങൾ പലതാണ്. മധുരം കഴിക്കുമ്പോൾ ശരീരത്തിൽ ഡോപ്പമിൻ, സെറോടോണിൻ പോലുള്ള ന്യൂറോട്രാൻസ്മിറ്ററുകൾ പുറന്തള്ളപ്പെടും. ഹാപ്പി ഹോർമോണുകൾ എന്നറിയപ്പെടുന്ന ഇവയുടെ ഉത്പാദനം നമുക്ക് കുറച്ച് സന്തോഷമൊക്കെ തോന്നിക്കും. ഇതിനാൽ തന്നെ വീണ്ടും വീണ്ടും ഈ സന്തോഷം ലഭിക്കാനായി ശരീരം മധുരം തേടിക്കൊണ്ടിരിക്കും.
കുട്ടികളുടെ മധുരപ്രിയം പലപ്പോഴും മാതാപിതാക്കൾക്ക് തലവേദനയാകാറുണ്ട്. എന്നാൽ ഇതിന് കാരണം കൊതി മാത്രമല്ലെന്ന് അറിയുക.ക്രോമിയം, മഗ്നീഷ്യം, വിറ്റാമിൻ ബി12 എന്നിവയുടെ കുറവുണ്ടെങ്കിലും മധുരം കഴിക്കാനുള്ള അതിയായ ത്വരയുണ്ടാകാം. അപ്പോൾ തുടർച്ചയായി ധാരാളം മധുരം കഴിക്കുകയും ചെയ്യുന്നു. ശരീരത്തിൽ സോഡിയം കുറഞ്ഞാലും സമയത്തിന് ആഹാരം കഴിയ്ക്കാതെ വരുമ്പോഴും സ്ട്രെസ് കൂടുമ്പോഴുമെല്ലാം മധുരത്തോട് താൽപര്യം വരുന്നത് സാധാരണയാണ്. ഇതുപോലെ കഴിയ്ക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീൻ അളവ് കുറഞ്ഞാലും ഇതേ അവസ്ഥയുണ്ടാകും.
കുട്ടികൾക്ക് കൃത്യമായ ഇടവേളകളിൽ പോഷകസമ്പുഷ്ടമായ ഭക്ഷണം നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. വിശന്നിരിക്കേണ്ട സാഹചര്യമുണ്ടായാൽ മധുരം കഴിക്കാനുള്ള കൊതിയും കൂടും. അതൊഴിവാക്കാൻ ആരോഗ്യകരമായ ഭക്ഷണങ്ങളും സ്‌നാക്കുകളും വെള്ളവും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. പഞ്ചസാര ഉള്ളിലെത്തുമ്പോൾ കുട്ടികളുടെ ഊർജം കൂടും. അതോടെ കൂടുതൽ വികൃതിയും ഓട്ടവും ചാട്ടവുമെല്ലാം പ്രതീക്ഷിക്കാം. എന്നാൽ തൊട്ടുപിന്നാലെ ആ ഊർജം നഷ്ടമാകുകയും ചെയ്യുന്നു. അതോടെ കുട്ടികൾ അലോസരപ്പെടുകയും മൂഡ് ഓഫ് ആവുകയും ചെയ്യും. പിന്നെ മധുരം കിട്ടിയാലേ സ്ഥിതി സാധാരണഗതിയിലെത്തൂ
Discussion about this post