എറണാകുളം: മമ്മൂട്ടി കാരണം മോഹൻലാൽ തന്റെ സിനിമകളിൽ നിന്നും വിട്ടുനിന്നുവെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ സാജൻ. ഗീതം സിനിമയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾ ആയിരുന്നു ഇതിന് കാരണം ആയത്. ഗീതം സിനിമയ്ക്ക് ശേഷം മോഹൻലാലും താനും ഒന്നിച്ച് ഒരു പടവും ചെയ്തിട്ടില്ലെന്നും സാജൻ പറഞ്ഞു. ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സാജന്റെ വെളിപ്പെടുത്തൽ. നേരത്തെ മമ്മൂട്ടിയുടെ ഇടപെടലിനെ തുടർന്ന് ഈ സിനിമയിൽ മോഹൻലാൽ അഭിനയിച്ച രംഗങ്ങൾ എടുത്ത് മാറ്റേണ്ടിവന്നതായി സാജൻ വെളിപ്പെടുത്തിയിരുന്നു.
ഗീതം എന്ന സിനിമയിൽ മമ്മൂട്ടിയ്ക്ക് മുൻപിൽ മോഹൻലാൽ മദ്യക്കുപ്പി വയ്ക്കുന്നതും ഇതേ തുടർന്നുള്ള രംഗങ്ങളും ആണ് മമ്മൂട്ടിയുടെ നിർബന്ധത്തിന് വഴങ്ങി നീക്കം ചെയ്യേണ്ടിവന്നത്. മദ്യകുപ്പി തട്ടിത്തെറിപ്പിയ്ക്കുന്ന മമ്മൂട്ടിയെ നോക്കി മോഹൻലാൽ നോ..നോ.. ഇറ്റ്‌സ് ടൂ ബാഡ് എന്ന് പറയും. എന്നാൽ ഈ രംഗം സിനിമയിൽ നിന്നും ഒഴിവാക്കണം എന്ന് മമ്മൂട്ടി നിർബന്ധം പിടിയ്ക്കുകയായിരുന്നു.
ഇതേ തുടർന്ന് ഇതും ഇതിന്റെ തുടർച്ചയായുള്ള രംഗങ്ങളും സിനിമയിൽ നിന്നും ഒഴിവാക്കി. മോഹൻലാലിന്റെ അറിവില്ലാതെ ആയിരുന്നു ഇത്.
മോഹൻലാലിന്റെ സീനുകൾ വളരെ വേദനയോടെയാണ് ചിത്രത്തിൽ നിന്നും നീക്കിയത്. പക്ഷെ അതല്ലാതെ വേറെ നിവൃത്തിയില്ല. മമ്മൂട്ടിയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രം. അദ്ദേഹത്തെ വെറുപ്പിച്ചാൽ അത് വലിയ നഷ്ടം ആകും. ഡബ്ബിംഗ് എത്തിയപ്പോഴാണ് സീനുകൾ ഇല്ലാത്ത വിവരം മോഹൻലാൽ അറിയുന്നത്. ഇതോടെ മോഹൻലാൽ ഇക്കാര്യം എന്നോട് ചോദിച്ചു. ഞാൻ കാര്യം പറഞ്ഞു. ഇതോടെ വിഷമിച്ച മോഹൻലാൽ ഡബ്ബിംഗ് പൂർത്തിയാക്കിയ ശേഷം അവിടെ നിന്നും മടങ്ങുകയായിരുന്നു. പോകുന്നതിന് മുൻപ് എന്റെ മനസ് വേദനിപ്പിക്കുന്ന ഒരു കാര്യവും അദ്ദേഹം പറഞ്ഞു. നമ്മൾ തമ്മിൽ ഇനിയൊരു കൂടിച്ചേർച്ച ഉണ്ടാകില്ലെന്നാണ് അതെന്നും സാജൻ കൂട്ടിച്ചേർത്തു.
Discussion about this post