ഇന്നും ലോകത്തിന് ഉത്തരംകിട്ടാത്ത മരീചികയാണ് അന്യഗ്രഹജീവികൾ. ശരിക്കും അവയുണ്ടോ അല്ലെങ്കിൽ മനുഷ്യന്റെ വെറും സങ്കൽപ്പമാണോ എന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല. ഇതിന്റെ പേരിൽ പല തർക്കങ്ങളും ഉടലെടുക്കാറുണ്ട്. പലരും പറക്കും തളികകൾ കണ്ടെന്നും അന്യഗ്രഹജീവികളെ കാണാനിടയായെന്നും ഒക്കെ അവകാശവാദം ഉയർത്താറുണ്ട്.
തലയ്ക്ക് മുകളിലൂടെ തലങ്ങും വിലങ്ങും പറക്കുന്ന കാറുകൾ..മരണമില്ലാത്ത ലോകം,വിശപ്പില്ലാത്ത നഗരം,ഒറ്റ ക്ലിക്കിൽ ഇഷ്ടപ്പെട്ടത് കൺമുന്നിലെത്തുന്ന വിദ്യ. ദൂരെ ഒരിടത്ത് മനുഷ്യനേക്കാൾ ആയിരക്കണക്കിന് വർഷം അഡ്വാൻസ്ഡ് ആയി ജീവിക്കുന്നവർ. രണ്ട് ഉണ്ടകണ്ണ്,നീളൻകാലുകൾ കുറിയ ശരീരം… മനുഷ്യനുണ്ടായ കാലം തൊട്ടെ അന്യഗ്രഹജീവികളെ കുറിച്ച് സ്വപ്നം കാണുകയാണ് അവൻ. ദൂരെ ഒരിടത്ത് തങ്ങൾ ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനും അപ്പുറം നേട്ടങ്ങൾ കൊയ്ത ആളുകൾക്കായുള്ള കാത്തിരിപ്പ്. അതിന് വേണ്ടി ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്നു,വലിയ വാനനിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കുന്നു. ഉൽക്കാ കഷ്ണങ്ങൾ പരിശോധിക്കുന്നു. എന്തൊക്കെ ബഹളങ്ങളാണ്.
ഇനി ഒരു പക്ഷേ ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന് അന്യഗ്രഹജീവികളും നമ്മളെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടോയെന്ന ചിന്തയിൽ കുറേ മെസേജുകളും അയച്ചു. ഇനി അന്യഗ്രഹജീവികൾ നമുക്ക് തിരിച്ച് എന്തെങ്കിലും സിഗ്നലുകളോ സന്ദേശങ്ങളോ അയച്ചാൽ എന്ത് സംഭവിക്കും. നമ്മൾ എന്താണ് ചെയ്യേണ്ടത്. ഒരു കാലം വര രാജ്യങ്ങൾക്കിടയിൽ ഇത് വലിയ ആശയക്കുഴപ്പത്തിന് കാരണമായിരുന്നു. എല്ലാവർക്കും പിന്തുടരാൻ ഒരു പ്രോട്ടോക്കോൾ ഇല്ലെങ്കിൽ എങ്ങനെ അന്യഗ്രഹജീവികളുടെ മെസേജുകളോട് പ്രതികരിക്കാം എന്നത് സംശയമായിരുന്നു.
അമേരിക്കയുടെ നാസയും അമേരിക്കയിലെ സെർച്ച് ഫോർ എക്സ്ട്രാടെറെസ്ട്രിയൽ ഇന്റലിജൻസ് അഥവാ സെതിയും (SETI) അന്താരാഷ്ട്ര ആസ്ട്രോനോട്ടിക്സ് അക്കാദമിയും ഒക്കെ ചേർന്ന് 2010ൽ ഇതിനൊരു മാർഗരേഖ തയ്യാറാക്കിയിരുന്നു. ഭൂമിയിൽ നിന്ന് നാസയുടെ ഡീപ് സ്പേസ് നെറ്റ്വർക്കിൽ (DSN) നിന്ന് അയച്ച ഏതെങ്കിലും ഒരു സിഗ്‌നൽ ഏതെങ്കിലും അന്യഗ്രഹ ജീവികൾ പിടിച്ചെടുക്കുകയും അതിന് മറുപടി അയക്കുകയും ചെയ്താൽ എന്താണ് ചെയ്യുക. മാർഗരേഖ അനുസരിച്ച് ഭൂമിക്ക് പുറത്തു പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണിൽ നിന്ന് കിട്ടുന്ന ഒരു സിഗ്‌നലിനെ ശാസ്ത്രജ്ഞർ വിശകലനം ചെയ്യും. ഇത് വിവിധ രാജ്യങ്ങളുടേതായി ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളിൽ നിന്നോ അല്ലെങ്കിൽ ഏതെങ്കിലും റേഡിയോ ട്രാൻസ്മിഷൻ കേന്ദ്രങ്ങളിൽ നിന്നോ ഉള്ള സിഗ്നലുകൾ ആണെന്ന് കണ്ടെത്തിയാൽ അപ്പോൾ തന്നെ തള്ളും.
ഇനി അഥവാ മനുഷ്യരുടേതല്ല എന്ന് സംശയിക്കുന്ന സിഗ്‌നലാണ് ലഭിച്ചതെങ്കിൽ അത് പലവിധത്തിലുള്ള പരിശോധനകൾക്ക് വിധേയമാക്കും. ഇതിന് ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ വേണ്ടി വരും. ഈ മെസേജുകളെല്ലാം അന്യഗ്രഹജീവികളുടേതാണെന്ന് അന്യഗ്രഹജീവികളുടേതെന്ന് സ്ഥിരീകരിക്കുന്നതുവരെ ഈ വിവരങ്ങളെല്ലാം അതീവരഹസ്യമായിരിക്കും. ഇനി സിഗ്‌നൽ അന്യഗ്രഹജീവികളുടേതാണെന്ന് സ്ഥിരീകരിച്ചാൽ ഉടൻ തന്നെ ആ വിവരം അന്താരാഷ്ട്ര ആസ്ട്രോനോട്ടിക്സ് അക്കാദമി, അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ തുടങ്ങിയ സ്ഥാപനങ്ങളെ ഔദ്യോഗികമായി അറിയിക്കും. ഇനി അടുത്തപടിയായി അന്യഗ്രജീവികളുമായി ആശയവിനിമയം സ്ഥാപിക്കലാണ്. അതിനുള്ള ശ്രമങ്ങൾ തുടങ്ങും. അന്യഗ്രഹജീവികളുമായി ബന്ധം സ്ഥാപിക്കാനായാൽ അവരുമായുള്ള ആശയവിനിമയത്തിന് നാസയുടെയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയിലേയും വിദഗ്ധരാകും അതിന് നേതൃത്വം കൊടുക്കുക. എന്നാൽ അന്താരാഷ്ട്ര ഏജൻസികളുമായും സർക്കാരുകളുമായും കൂടിയാലോചിച്ചതിന് ശേഷമേ ഇതിന് മുതിരുകയുള്ളൂ. അവസാനം ഇക്കാര്യം സ്ഥിരീകരിച്ച് വിവരം പ്രസ്താവനയിലൂടെ സർക്കാർ സംവിധാനം വഴി പുറത്തുവിടും.
Discussion about this post