തിരുവനന്തപുരം; സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അവതരണ നൃത്താവിഷ്‌കാരം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി വി ശിവൻ കുട്ടി. സംഭവത്തിൽ വിവാദങ്ങൾ ഒഴിവാക്കണമെന്നും സ്‌കൂൾ കലോത്സവം തുടങ്ങുന്നതിന് മുൻപുള്ള അനാവശ്യ ചർച്ചകളും വിവാദങ്ങളും കുട്ടികളെ നിരാശപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അതിനാൽ വെഞ്ഞാറമൂട്ടിൽ നടത്തിയ പ്രസ്താവന പിൻവലിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.തിരുവനന്തപുരത്ത് വെച്ചുനടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ പ്രസ്താവനയ്ക്കു പിന്നാലെ പലരുടെയും പേര് ഉയർന്നുവന്നിട്ടുണ്ട്. ആരെയും സംശയിക്കേണ്ട. ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകേണ്ട. കലോത്സവം നടക്കുന്ന സമയത്ത് ആരെയും വിഷമിപ്പിക്കേണ്ടതില്ല. അതുകൊണ്ടു പ്രസ്താവന ഞാൻ പിൻവലിച്ചു. ഇനി അതു വിട്ടേക്കെന്ന് മന്ത്രി പറഞ്ഞു.
നാടകോത്സവത്തിന്റെ സമാപന പരിപാടിയിലായിരുന്നു മന്ത്രി നടിക്കെതിരെ രംഗത്തെത്തിയത്.14,000ത്തോളം വരുന്ന കുട്ടികൾ പങ്കെടുക്കുന്ന കലോത്സവമാണ്. പല കാരണങ്ങൾകൊണ്ടും ഫണ്ടിന്റെ കുറവുണ്ട്. അതിൽ ഏഴ് മിനിറ്റ് നേരം നീണ്ടുനിൽക്കുന്ന നൃത്താവിഷ്‌കാരം അവതരിപ്പിക്കുന്നതിന് സ്‌കൂൾ കലോത്സവത്തിലൂടെ പ്രശസ്ത നടിയായി മാറിയ വ്യക്തിയോട് അഭ്യർഥിച്ചപ്പോൾ അവർ അഞ്ച് ലക്ഷം രൂപ ചോദിച്ചു. തന്റെ പ്രസ് സെക്രട്ടറി രാജീവിനോടാണ് ചോദിച്ചത്. താൻ മറുപടി ഒന്നും പറഞ്ഞില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.കലോത്സവത്തിലൂടെ വളർന്നു താരമായ നടിക്ക് അഹങ്കാരവും പണത്തോട് ആർത്തിയുമാണെന്ന് വരെ മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post