നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധസംവിധാനം ആണ് രോഗത്തിന് കാരണമാകുന്ന വിവിധ പ്രശ്നങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും മറ്റും ലഭിക്കുന്ന വിറ്റാമിനുകളാണ്
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും പകർച്ചവ്യാധികൾക്കുള്ള സാധ്യത കുറയ്ക്കുകയും മികച്ച രോഗപ്രതിരോധശേഷി നൽകുകയും ചെയ്യുന്നത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി പലപ്പോഴും നാം കഴിക്കുന്ന വിറ്റാമിനുകളിൽ ഒന്ന് വിറ്റാമിൻ സിയാണ്. കോവിഡ് മഹാമാരി പടർന്നു പിടിച്ച കാലഘട്ടത്തിൽ മുതൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി വിറ്റാമിൻ സി ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ വർദ്ധിച്ചിട്ടുണ്ട്. എന്നാൽ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വിറ്റാമിൻ സി മാത്രം പോരാ എന്നാണ് വിശദമായ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
പ്രതിരോധശേഷി നിലനിർത്താൻ വിറ്റാമിൻ സി-യും ഡി-യും മാത്രം പോരാ. ഇതിനായി നിങ്ങളുടെ ഭക്ഷണത്തിൽ വിറ്റാമിൻ ബി-6, വിറ്റാമിൻ ഇ എന്നിവ ഉൾപ്പെടുത്തണമെന്നാണ് പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്. വിറ്റാമിൻ ബി-6 ന്റെ കുറവ് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ പ്രതികരണത്തെ ദുർബലപ്പെടുത്തുന്നു. മസ്തിഷ്ക വികസനത്തിനും നാഡീവ്യൂഹത്തിനും രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും വിറ്റാമിൻ ബി-6 അത്യാവശ്യമാണ്. കോഴി, മത്സ്യം, ഉരുളക്കിഴങ്ങ്, ചെറുപയർ, വാഴപ്പഴം എന്നിവയെല്ലാമാണ് ഈ പോഷകത്തിന്റെ പ്രധാന ഉറവിടം.
വിറ്റാമിൻ ഇ മനുഷ്യ ശരീരത്തിൽ ശക്തമായ ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനത്തെ അണുബാധയ്‌ക്കെതിരെ പോരാടാൻ സഹായിക്കുന്നു. ഒപ്പം രക്തക്കുഴലുകൾ വികസിപ്പിക്കുന്നതിനും അതുവഴി അവയിൽ കട്ടപിടിക്കുന്നത് തടയാനും വിറ്റാമിൻ ഇ സഹായിക്കുന്നു. ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ മുഴകളുടെ വളർച്ച തടയുന്നതിനും ക്യാൻസറിൽ നിന്നും പല തരത്തിലുള്ള വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനും സഹായിക്കുന്നതാണ്. ഇത്തരത്തിലുള്ള എല്ലാ വിറ്റാമിനുകളും ഒത്തുചേർന്ന മികച്ച ആഹാര ശൈലി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും രോഗങ്ങളിൽ നിന്നും അകന്നു നിൽക്കാനും സഹായകരമാകുന്നതാണ്.
Discussion about this post