തിരുവനന്തപുരം: സ്വന്തമായി അരവണ കണ്ടെയ്നർ നിർമിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മൂന്നു കോടി ചിലവില്‍ പ്ലാന്റ് ഒരുങ്ങുന്ന പ്ലാൻ്റിന് ഈ സീസണൊടുവിൽ തന്നെ തുടക്കമാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അറിയിച്ചു. പ്ലാന്റിന്റെ നിർമ്മാണത്തിന് താൽപര്യമറിയിച്ച കമ്പനികളെക്കുറിച്ചുള്ള സാങ്കേതിക പഠനം അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലയ്ക്കലിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന ഭൂമിയില്‍ പ്ലാൻ്റ് നിർമ്മിക്കാൻ ആണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. സമാനരീതിയിലുളള കണ്ടെയ്നറുകൾ നിർമ്മിക്കുന്ന പ്ലാൻ്റുകളിൽ വിദഗ്ധ സംഘം നേരിട്ടെത്തി സാധ്യത പഠനം പൂർത്തിയാക്കിയിട്ടുണ്ട്.
ഓരോ വര്‍ഷവും അരവണക്ക് വേണ്ടി വരുന്ന ചിലവ് ചുരുക്കി അരവണയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ദേവസ്വം ബോർഡ് അരവണ കണ്ടെയ്നർ പ്ലാൻ്റ് എന്ന ആശയത്തിലേക്ക് എത്തിയത്. ശബരിമലയിൽ ഒരു വർഷം ശരാശരി രണ്ട് കോടി അരവണ ടിൻ വേണമെന്നാണ് ദേവസ്വം ബോർഡ് കണക്ക്. ഇതിനിടെ ഗുണനിലവാരം ഇല്ലാത്ത അരവണ സംബന്ധിച്ച് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രണ്ട് വർഷം മുമ്പ് ഗുണ നിലവാരമില്ലാത്ത കണ്ടെയ്നറുകളിൽ അരവണ നിറച്ചത് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ഇതിന് പരിഹാരമായി ആണ് സ്വന്തമായി കണ്ടെയ്നർ പ്ലാൻ്റ് സ്ഥാപിക്കാനൊരുങ്ങുന്നത്.
നിലവിൽ ഒരു കണ്ടെയ്നറിന് എട്ടുരൂപ വരെയാണ് ദേവസ്വം ബോർഡ് മുടക്കുന്നത്. കണ്ടെയ്നറുകൾ സ്വയം നിർമ്മിക്കുന്നതോടെ, ഇത് പകുതിയിലേറെ കുറയ്ക്കാനാകും. ഒപ്പം സ്വകാര്യകമ്പനികളുടെ കണ്ടെയ്നറുകൾക്ക് കാത്തുനിൽക്കാതെ കരുതൽ ശേഖരമായി അരവണ സംഭരിക്കാനും കഴിയും.
Discussion about this post