ന്യൂഡൽഹി: സിംഗപ്പൂരിൽ നടന്ന ചൈസ് കലാശപ്പോരിൽ ലോകചാമ്പ്യനായിരുന്ന ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച് ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ ഡി ഗുകേഷ് വിജയകിരീടം ചൂടിയിരിക്കുകയാണ്. രണ്ട് വീതം വിജയവും സമനിലയും മാത്രം വഴങ്ങി പോരാട്ടം ഒരു മാസം പിന്നിടുമ്പോൾ പതിനാലാം മത്സരത്തിലാണ് ഗുകേഷിന്റെ ഈ സുവർണനേട്ടം. ഏഴരപോയിന്റുമായാണ് ഗുകേഷ് ലോകത്തിന്റെ നെറുകയിൽ കിരീടം ചൂടി നിൽക്കുന്നത്. ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിക്കുമ്പോൾ ഗുകേഷിന് 18 വയസ് മാത്രമാണ് പ്രായം. വിശ്വനാഥൻ ആനന്ദ് 2012 ൽ ലോകചാമ്പ്യനായതിന് ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ കിരീടം ചൂടുന്നത്. ലോകം മുഴുവൻ ഗുകേഷിനെ വാഴ്ത്തുമ്പോൾ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട വ്യത്യസ്തമായ ഒരു പോസ്റ്റ് ചർച്ചയാവുകയാണ്. ചെസ്സ് എന്ന സാമൂഹിക വിപത്തിനെ ഇസ്ലാം എന്നേ തിരിച്ചറിഞ്ഞുവെന്നാണ് പോസ്റ്റ് തുടങ്ങുന്നത്. പോസ്റ്റ് സർക്കാസമാണെന്ന് അറിയാതെ നിരവധി വിമർശനമാണ് ഇതിന് ലഭിക്കുന്നത്. ജാസർ ഷാഹുൽ എന്നയാളാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
Chess എന്ന സാമൂഹിക വിപത്തിനെ ഇസ്ലാം എന്നേ തിരിച്ചറിഞ്ഞു!
എല്ലാവരും ഗുകേഷിന്റെയും ഇന്ത്യയുടെയും ലോക ചെസ്സ് ചാമ്പ്യൻഷിപ് വിജയത്തിന്റെ ആഹ്ലാദത്തിലാണ്. തലങ്ങും വിലങ്ങും അഭിനന്ദനങ്ങളും അനുമോദനങ്ങളുടെയും ഇടയിലും തിരക്കിലും.
എല്ലാം സമ്മതിച്ചു, പക്ഷെ ഇനിയെന്ത്?
അള്ളാഹുവിന്റെ അനുഗ്രഹമുണ്ടോ?
മരണ ശേഷം അള്ളാഹുവിന്റെ മുമ്പിൽ വിചാരണയ്ക്ക് നിൽക്കുമ്പോൾ ചെസ്സ് കളിച്ചതോണ്ട് ഇളവുകൾ ലഭിക്കുമോ?
ഇല്ല എന്നതാണ് ഉത്തരം. പകരം അള്ളാഹുവിന്റെ കോപം നേരിടേണ്ടി വരികയും ചെയ്യും.
ഇസ്ലാം വളരെയധികം വിമർശനാത്മക രീതിയിലാണ് ചെസ്സിനെ നോക്കി കാണുന്നത്.
ഒരിക്കൽ ഖലീഫ അലി (റ) ചെസ്സ് കളിക്കുന്ന ചിലരെ കണ്ടപ്പോൾ അവരോട് അതിനെ പറ്റി ചോദിച്ചു. ശേഷം കളിക്കാൻ ഉപയോഗിക്കുന്ന കരുക്കളെ വിഗ്രഹങ്ങളോട് താരതമ്യം ചെയ്യുകയും ചെയ്തു. ചെസ്സിനെ പറ്റി അലി പറഞ്ഞതാണ് ഏറ്റവും പ്രബലമായ അഭിപ്രായം എന്നാണ് ഇമാം അഹ്‌മദ് പറയുന്നത്.
സ്വഹാബിയായ അബ്ദുള്ള ഇബ്ൻ ഉമർ (റ) പറഞ്ഞത് ചൂതാട്ടത്തെക്കാൾ മോശമായ ഒന്നാണ് ചെസ്സ് കളി.
മറ്റൊരു സ്വഹാബിയായ അബു മൂസ അൽ-അഷ്’അരി ചെസ്സിനെ പറ്റി പറഞ്ഞത് ഇപ്രകരമാണ്: പാപികൾ മാത്രം കളിക്കുന്ന കളിയാണ് ചെസ്സ്.
ചൂതാട്ടം ഹറാമാണ് എന്നതിൽ സംശയമില്ല.
അത് കളിക്കുന്നവർ അള്ളാഹുവിനെയും അദ്ദേഹത്തിന്റെ റസൂലിനെയും ധിക്കരിച്ചിരിക്കിന്നു എന്നും അത് കളിക്കുന്നവൻ അള്ളാഹു നിഷിദ്ധമാക്കിയ പന്നി ഇറച്ചി കഴിച്ചവനെ പോലെയാണെന്നും എന്നൊക്കെയുള്ള സ്വഹീഹായ ഹദീസുകൾ ഉള്ളപ്പോൾ അതിലും വൃത്തികെട്ട കളിയായ ചെസ്സിനെ പ്പറ്റി പ്രത്യേകം പറയേണ്ടതുണ്ടോ?
മദ്ഹബിന്റെ പണ്ഡിതന്മാരായ ഇമാം അബു ഹനീഫ, ഇമാം മാലിക്ക്, ഇമാം അഹ്‌മദ് എന്നിവരെല്ലാം ചെസ്സിനെ ഹറാം ആയിട്ടാണ് കാണുന്നത്.
ഇമാം ഇബ്ൻ ഖുധാമ മുഘ്‌നിയിലും,
ഇമാം ഇബ്ൻ ഖയ്യിം അൽ ഫുരൂസിയയിലും ഇമാം അദ്ദഹാബി അൽ-കബൈറിലും ചെസ്സിനെ ഹറാമായിട്ടാണ് കാണുന്നത്.
സാമ്പത്തിക നേട്ടത്തിന് വേണ്ടി ചെസ്സ് കളിക്കുന്നത് തീർത്തും നിഷിദ്ധമാണെന്നും അത് ചൂതാട്ടത്തിന് സമമാണ് എന്നാണ് ഇമാം ഇബ്ൻ അബ്ദുൽ ബർ പറയുന്നത്.
ചെസിനെതിരെ ഇസ്ലാമിൽ ഇനിയുമൊരുപാട് തെളിവുകളുണ്ട്.
ലോകം ഇത്രയും അധഃപതിച്ചല്ലോ!
നഊസൂ ബില്ല!
അള്ളാഹു എല്ലാവരെയും രക്ഷിക്കുമാറാകട്ടെ!
Discussion about this post