തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൂവൽ. റോമിയോ എന്ന യുവാവാണ് കൂവിയത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വേദിയിൽ എത്തിയപ്പോഴായിരുന്നു യുവാവ് കൂവിയത്.
സംഭവത്തിൽ യുവാവിനെ മ്യൂസിയം പോലീസ് കസ്റ്റഡിയിൽ എടുത്തു. ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് അല്ല ഈ യുവാവ്. കൈവശം ഉണ്ടായിരുന്നത് 2022ലെ പാസാണ് എന്നാണ് പോലീസ് പറയുന്നത്.
ഡിസംബർ 13 മുതൽ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളും ആയിരിക്കും പ്രദർശിപ്പിക്കുക. ലോകസിനിമാ വിഭാഗത്തിൽ 63 സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചലച്ചിത്രകലയിൽ ശതാബ്ദിയിലത്തെിയ അർമീനിയയിൽനിന്നുള്ള ഏഴ് ചിത്രങ്ങൾ കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.
13000 ൽപ്പരം ഡെലിഗേറ്റുകൾ മേളയിൽ പങ്കെടുക്കും. 100 ഓളം ചലച്ചിത്രപ്രവർത്തകർ അതിഥികളായി എത്തുന്നുണ്ട്. ഇന്ത്യൻ സംവിധായിക പായൽ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ഡിസംബർ 20ന് നടക്കുന്ന സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. തിയേറ്ററുകളിൽ ആകെ സീറ്റിന്റെ 70 ശതമാനം റിസർവേഷൻ ചെയ്തവർക്കും 30 ശതമാനം റിസർവേഷൻ ഇല്ലാത്തവർക്കുമായാണ് പ്രവേശനം അനുവദിക്കുന്നത്.
Discussion about this post