കണ്ണൂർ: തലശ്ശേരിയിൽ കാർ ഷോറൂം കത്തിനശിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഷോറൂമിൽ തീ ഇട്ടതാണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് തേറ്റമല സ്വദേശി സജീറിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ചിറക്കരയിലെ ഇൻഡക്‌സ് ഗ്രൂപ്പിന്റെ കാർ ഷോറൂമിലാണ് തീപിടിത്തം ഉണ്ടായത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു സംഭവം. പുലർച്ചെയോടെ ഷോറൂമിനുള്ളിൽ തീപടർന്ന് പിടിയ്ക്കുകയായിരുന്നു. സംഭവ സമയം ഷോറൂമിനുള്ളിൽ മൂന്ന് മാരുതി കാറുകൾ ഉണ്ടായിരുന്നു. ഇത് മൂന്നും കത്തിനശിച്ചു. ആകെ മൊത്തം നാൽപ്പത് ലക്ഷം രൂപയുടെ നാശനഷ്ടം ആയിരുന്നു ഉണ്ടായത്.
സംഭവത്തിന് പിന്നാലെ പരിശോധന നടത്തിയ പോലീസിന് ഷോറൂമിൽ തീയിട്ടതാണെന്ന സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഷോറൂമിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതിൽ നിന്നും ഒരു യുവാവ് കാറുകൾക്ക് മുകളിൽ ദ്രാവകമൊഴിച്ച് തീയിടുന്നതായി കണ്ടു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണം സജീറിലേക്ക് എത്തുകയായിരുന്നു. സ്ഥാപനത്തിലെ ഫീൽഡ് എക്‌സിക്യൂട്ടീവാണ് സജീർ.
ഉപഭോക്താക്കളിൽ നിന്നും കമ്പനിയുടെ പേരിൽ ഇയാൾ പണം വാങ്ങി തിരിമറി ചെയ്തിരുന്നു. ഇത് പിടിക്കപ്പെടാതിരിക്കാനാണ് ഷോറൂമിന് തീയിട്ടത്. 30 ലക്ഷം രൂപയോളമാണ് ഇയാൾ കമ്പനിയുടെ പേരിൽ വെട്ടിച്ചത്. ഇക്കാര്യം പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പുത്തൻകാറുകൾ കത്തിച്ചാൽ ശ്രദ്ധമുഴുവൻ അതിലായിരിക്കുമെന്നും അതിനാൽ ഉടൻ പിടിയ്ക്കപ്പെടില്ലെന്നുമായിരുന്നു പ്രതി കരുതിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
Discussion about this post