ഇസ്ലാമാബാദ്: അടച്ചുപൂട്ടലിന്റെ വക്കിലെത്തി പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ്. 34 വിമാനങ്ങൾ ഉണ്ടായിരുന്ന പാകിസ്താൻ എയർലൈൻസിൽ ഇപ്പോൾ 17 വിമാനങ്ങൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. ബാക്കിയുള്ള വിമാനങ്ങളും പതിയെ സർവ്വീസ് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇന്ധനത്തിനായി പണം ഇല്ലാതെ വിമാനങ്ങൾക്ക് സർവ്വീസ് നിർത്തിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം വിമാനത്തിന്റെ അറ്റകുറ്റപ്പണിയ്ക്ക് ആവശ്യമായ സാമഗ്രികളുടെ ലഭ്യതയും ഇല്ലാതായി. ഇതാണ് ഇത്രയേറെ വിമാനങ്ങൾ സർവ്വീസ് അവസാനിപ്പിക്കുന്നതിൽ കലാശിച്ചത്. ആവശ്യമായ സാമഗ്രികൾ ലഭിക്കാത്തതിനെ തുടർന്ന് 17 വിമാനങ്ങൾ ആണ് സർവ്വീസ് അവസാനിപ്പിച്ചത്.
12 777 ബോയിംഗ് വിമാനങ്ങൾ മുഴുവൻ സർവ്വീസ് അവസാനിപ്പിച്ചതായാണ് അധികൃതർ പറയുന്നത്. 17 എയർബസ് എ 320 എയർക്രാഫ്റ്റിൽ ഏഴെണ്ണം സർവ്വീസ് അവസാനിപ്പിച്ചിരിക്കുകയാണ്. എൻജിൻ ഉൾപ്പെടെ മാറ്റാൻ ഇല്ലാത്തതിനെ തുടർന്നാണ് ഈ വിമാനങ്ങൾ സർവ്വീസ് അവസാനിപ്പിച്ചിരിക്കുന്നത്. വിമാനത്തിന് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിനോ, മറ്റ് അറ്റക്കുറ്റപ്പണികൾക്കോ ആവശ്യമായ ഫണ്ട് കണ്ടെത്താൻ സർക്കാരിന് കഴിയുന്നില്ല. ഇതാണ് വിമാനങ്ങളുടെ സർവ്വീസിന് തടസ്സം സൃഷ്ടിക്കുന്നത് എന്നാണ് ആക്ഷേപം.
സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ എയർലൈൻ സ്വകാര്യവത്കരിച്ചിരുന്നു. ഇതും നിലവിലെ അവസ്ഥയ്ക്ക് കാരണം ആയി എന്നാണ് റിപ്പോർട്ടുകൾ. 60 ശതമാനത്തോളം സ്വകാര്യവത്കരണം ആണ് നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ ഇത് പരാജയപ്പെട്ടു. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
Discussion about this post