വയനാട്: വനവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾക്കായി ഇരുട്ടിൽ തപ്പി പോലീസ്. സംഭവം ഉണ്ടായി രണ്ട് ദിവസം പിന്നിന്നിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാൻ കഴിയാത്തതിൽ അന്വേഷണ സംഘത്തിനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നുണ്ട്.
കമ്പളക്കാട് സ്വദേശി ഹർഷിദും സംഘവുമാണ് വനവാസി യുവാവിനോട് ക്രൂരത കാട്ടിയത്. ഇവർ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് പിന്നാലെ ഹർഷാദിന്റെയും സുഹൃത്തുക്കളുടെയും വീട്ടിൽ പോലീസ് പരിശോധന നടത്തി എങ്കിലും ഫലം കണ്ടില്ല. അതേസമയം പ്രതികളെ ഇന്ന് പിടികൂടും എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
കൂടൽ കടവ് സ്വദേശി മാതന് നേരെയാണ് യുവാക്കളുടെ ആക്രമണം ഉണ്ടായത്. റോഡിലൂടെ നടന്ന് പോകുകയായിരുന്ന മാതനെ സംഘം കാറിൽ കൈ ചേർത്ത് പിടിച്ച് 500 മീറ്ററോളം ദൂരം വലിച്ചിഴയ്ക്കുകയായിരുന്നു. സംഭവത്തിൽ അദ്ദേഹത്തിന്റെ കാലുകൾക്കും കൈയ്ക്കും സാരമായി പരിക്കേറ്റു. നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. സംഭവത്തിൽ പ്രതികൾക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്.
ചെക്ക് ഡാം കാണുന്നതിന് വേണ്ടിയായിരുന്നു ഹർഷിദും സംഘവും സ്ഥലത്ത് എത്തിയത്. ഇതിനിടെ അവിടെ കാറിൽ എത്തിയ പ്രദേശവാസിയായ അദ്ധ്യാപകനുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഇയാളെ പ്രതികൾ കല്ല് കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് മാതൻ തടഞ്ഞതാണ് വൈരാഗ്യത്തിന് കാരണം ആയത്.
Discussion about this post