തിരുവനന്തപുരം; എഡിജിപി എംആർ അജിത് കുമാറിന് ഡിജിപിയ്ക്ക് സ്ഥാനക്കയറ്റം. മന്ത്രിസഭയുടെതാണ് തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാർശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഇപ്പോഴത്തെ പോലീസ് മേധാവി എസ്.ദർവേഷ് സാഹിബ് 2025 ജൂലൈ 1ന് സർവീസിൽനിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത്കുമാറിന് സ്ഥാനക്കയറ്റം നൽകുക.
തൃശ്ശൂർ പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം എന്നിവ അടക്കമുള്ള കേസുകളിൽ അന്വേഷണം നേരിടുന്ന ഉന്നത ഉദ്യോഗസ്ഥനാണ് എം ആർ അജിത് കുമാർ. ആർ എസ് എസ് കൂടിക്കാഴ്ച ഉൾപ്പെടെയുള്ള വിവാങ്ങളിൽ എഡിജിപിയെ സർക്കാർ സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് സ്ഥാനകയറ്റം നൽകാൻ മന്ത്രിസഭ അംഗീകാരം നൽകിയത്.
കോടതിയിൽ ചാർജ്ഷീറ്റ് ഫയൽ ചെയ്ത് വിചാരണയ്ക്കു കാത്തിരിക്കുകയാണെങ്കിലോ അച്ചടക്കനടപടിക്കായി മെമ്മോ കൊടുത്തിട്ടുണ്ടെങ്കിലോ സസ്പെൻഷനിൽ നിൽക്കുകയാണെങ്കിലോ മാത്രമേ സ്ഥാനക്കയറ്റത്തിൽ നിന്നു മാറ്റിനിർത്താൻ ചട്ടമുള്ളൂവെന്നും ചീഫ് സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post