പാലക്കാട്: കുഴൽമന്ദത്ത് ഡിവൈഎഫ്‌ഐ നേതാവ് ബിജെപിയിൽ. ഡിവൈഎഫ്‌ഐ മഞ്ഞളൂർ മേഖലാ സെക്രട്ടറിയായിരുന്ന എം. ലെനിൻ ആണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ലെനിനെ പാർട്ടിയേക്ക് സ്വാഗതം ചെയ്തു.
നേതൃത്വവുമായുള്ള അതൃപ്തിയെ തുടർന്നാണ് ലെനിൻ പാർട്ടി വിട്ടത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഏതാനും നാളുകളായി പ്രാദേശിക നേതാക്കളുമായി ലെനിന് തർക്കങ്ങൾ നിലനിന്നിരുന്നു. ഇത് രൂക്ഷമായതോടെ അദ്ദേഹം പാർട്ടിവിടുകയായിരുന്നു. ബിജെപിയുടെ ജില്ലാ കാര്യാലയത്തിൽ എത്തിയാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.
എസ്എഫ്‌ഐ കുഴൽമന്ദം ഏരിയാ സെക്രട്ടറി, പാലക്കാട് ജില്ലാ കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ കുഴൽമന്ദം ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ലെനിനൊപ്പം ഇടത് നേതാവ് കെ. എം മുകുന്ദനും ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ എം ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി. വേണുഗോപാൽ, എ.കെ ഓമനക്കുട്ടൻ, ആലത്തൂർ മണ്ഡലം ജനറൽ സെക്രട്ടറി കനകദാസ് എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
Discussion about this post