ന്യൂഡൽഹി: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതി. 17 പ്രതികൾക്ക് ഒരുമിച്ച് ജാമ്യം നൽകിയതിൽ ഹൈക്കോടതിയ്ക്ക് പിഴവ് പറ്റിയതായി സുപ്രീംകോടതി വ്യക്തമാക്കി. പ്രതികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് എൻഐഎ നൽകിയ ഹർജിയിൽ ആയിരുന്നു സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം.
മാസങ്ങൾക്ക് മുൻപാണ് കേസിലെ പ്രതികളായ 17 പേർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 26 പ്രതികളാണ് കേസിൽ ഉള്ളത്. ഇതിൽ ഒൻപത് പേർ ഒഴികെ ഉള്ളവർക്കായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതിനെതിരെ എൻഐഎ ഹർജി നൽകിയതിന് പിന്നാലെ ജാമ്യം നിഷേധിച്ചത് ചോദ്യം ചെയ്ത് പ്രതികളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് രണ്ടും സുപ്രീംകോടതി പരിഗണിച്ചിട്ടുണ്ട്.
മതിയായ കാരണങ്ങൾ ഇല്ലാതെയാണ് 17 പേർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത് എന്നാണ് സുപ്രീംകോടതി പറഞ്ഞത്. എൻഐഎയുടെ ഹർജിയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. നേരത്തെയും സമാന അഭിപ്രായം സുപ്രീംകോടതി അറിയിച്ചിരുന്നു.
കേസ് ഗൗരവമുള്ളത് ആണെന്നും, ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിഗണിക്കേണ്ടതുണ്ടെന്നും ആയിരുന്നു നേരത്തെ ഹർജി പരിഗണിച്ചപ്പോൾ സുപ്രീംകോടതി പറഞ്ഞത്. ഇത് പരിഗണിക്കാതെയാണ് ഹൈക്കോടതിയുടെ ഹർജിക്കാർക്ക് അനുകൂലമായുള്ള ഉത്തരവ്. അതുകൊണ്ട് തന്നെ ഹൈക്കോടതിയ്ക്ക് പിഴവ് പറ്റിയെന്നും സുപ്രീംകോടതി അന്ന് വ്യക്തമാക്കിയിരുന്നു. 2022 ഏപ്രിൽ 16 ന് ആയിരുന്നു ശ്രീനിവാസിനെ പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയത്.
Discussion about this post