തിരുവനന്തപുരം : ക്ലാസ് മുറിക്കുള്ളിൽ വിദ്യാർത്ഥിനിക്ക് പാമ്പു കടിയേറ്റു. 12 കാരി നേഹയ്ക്കാണ് പാമ്പ് കടിയേറ്റത്. നെയ്യാറ്റിൻ കരയിലെ ചെങ്കൽ യുപി സ്‌കൂളിലാണ് സംഭവം.
വെള്ളിയാഴ്ചയാണ് സംഭവം. സ്‌കൂളിൽ ക്രിസ്തുമസ് ആഘോഷത്തിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്.കാലിൽ മുള്ളു കുത്തിയതു പോലെ വേദന വന്നു. തുടർന്നു പരിശോധിച്ചപ്പോഴാണ് പാമ്പാണെന്ന് തിരിച്ചറിഞ്ഞത്.
വൈകാതെ അദ്ധ്യാപകർ എത്തി പാമ്പിനെ തല്ലിക്കൊന്നു. കുട്ടിയെ ആദ്യം വട്ടവിള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് നെയ്യാറ്റിൻകരയിലെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം .
ചുരുട്ട എന്ന വിഭാഗത്തിലുള്ള പാമ്പാണ് കടിച്ചതെന്ന് അദ്ധ്യാപകരും കുട്ടികളുടെ ബന്ധുക്കളും പറഞ്ഞു. അതേസമയം സ്‌കൂളും പരിസരവും കാടുമൂടി കിടക്കുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്.
Discussion about this post