കൊല്ലം: പരവൂരിൽ വനിതാ എസ്‌ഐ വീട്ടിൽ കയറി മർദ്ദിച്ചുവെന്ന പരാതിയുമായി യുവതി. പരവൂർ പൂതക്കുളം സ്വദേശിനിയായ 27 കാരിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എസ്ഐ ആയ ഭർത്താവും വനിതാ എസ്‌ഐയും തമ്മിലുള്ള അതിരുകടന്ന സൗഹൃദം വിലക്കിയതിനാണ് മർദ്ദനം. ഭർത്താവിന്റെ സാന്നിദ്ധ്യത്തിലാണ് വനിതാ എസ്‌ഐ മർദ്ദിച്ചതത്രേ. സംഭവത്തിൽ പരാതിക്കാരിയുടെ ഭർത്താവും വർക്കല എസ്‌ഐയുമായ അഭിഷേക്, കൊല്ലം സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ ആശ എന്നിവർ ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.
പരാതിയിൽ വനിതാ എസ്‌ഐയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിക്കുന്നത്. വീട്ടിൽ എത്തിയ വനിതാ എസ്‌ഐ കുത്തിൽപ്പിടിച്ച് ഭിത്തിയിലേക്ക് ചേർത്ത് നിർത്തി കവിളിൽ അടിച്ചു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കൊന്ന് കെട്ടിത്തൂക്കിയ ശേഷം അത് ആത്മഹത്യയാക്കുമെന്നും ഭീഷണിപ്പെടുത്തിയത്രേ. കുഞ്ഞിനെ ശരിയാക്കിക്കളയുമെന്നും വനിതാ എസ്‌ഐ ഭീഷണിപ്പെടുത്തിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഡിപ്പാർട്ട്‌മെന്റിലെ സ്വാധീനം ഉപയോഗിച്ച് അച്ഛനെയും സഹോദരിയെയും കേസിൽപ്പെടുത്തി ജയിലാക്കുമെന്നും ഭീഷണിയുണ്ടെന്ന് യുവതി പറയുന്നു.
അൻപത് ലക്ഷം രൂപ നൽകിയാൽ എസ്‌ഐയുടെ ഭാര്യയായി ജീവിക്കാം. അല്ലെങ്കിൽ ഇതായിരിക്കും അവസ്ഥയെന്നും വനിതാ എസ്‌ഐ പറഞ്ഞു. ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ കൈയ്യിൽ പിടിച്ച് തിരിച്ചു. വനിതാ എസ്‌ഐയെ തള്ളിമാറ്റിയാണ് അവിടെ നിന്നും താൻ മാറിയതെന്നും യുവതിയുടെ പരാതിയിലുണ്ട്. ശബ്ദം കേട്ട് അമ്മ വന്നപ്പോൽ താൻ വീട്ടിലെത്തിയവരെ അപമാനിച്ചുവെന്ന രീതിയിലേക്ക് കാര്യങ്ങൾ മാറ്റിയെന്നും യുവതി ആരോപിച്ചു.
Discussion about this post