ഏതൊരു മാതാപിതാക്കളും തങ്ങളുടെ കുഞ്ഞ് നല്ലത് പോലെ ആഹാരം കഴിക്കുകയും ആരോഗ്യത്തോടെ ഇരിക്കണമെന്നും ആഗ്രഹിക്കുന്നവർ ആയിരിക്കും. അത് ഇല്ലാതെ വരുമ്പോൾ മാതാപിതാക്കൾ ആശങ്കയിലും സങ്കടത്തിലും ആയിരിക്കുകയും ഭക്ഷണം കഴിപ്പിക്കാനായി പഠിച്ച പണി പതിനെട്ടും നോക്കും. സൂത്രവിദ്യകളൊന്നും ഫലിക്കാതെ വരുമ്പോൾ ഭക്ഷണം കഴിക്കണം അല്ലെങ്കിൽ മെലിഞ്ഞ് ഉണങ്ങി പോകും,വലുതാകില്ല,സ്‌കൂളിൽ ജയിക്കില്ല, മിടുക്കരാകില്ല എന്നൊക്കെ ഭീഷണിപ്പെടുത്തും. കുട്ടികളോടുള്ള സ്‌നേഹം കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നതെങ്കിൽ ഒന്ന് ശ്രദ്ധിക്കുക, കുട്ടികളുടെ ആത്മാഭിമാനത്തെയാണ് ഇതൊക്കെ ബാധിക്കുക. ഇത് കുട്ടികളുടെ പ്രതിച്ഛായയ്ക്കും വൈകാരികമായ ബുദ്ധിമുട്ടുകൾക്കും കാരണമാകും. അത് കൊണ്ട് ഇങ്ങനെ അപക്വമായി പെരുമാറാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ശരീരഭാരം സംബന്ധിച്ച മാതാപിതാക്കളിൽ നിന്നുള്ള വിമർശനങ്ങൾ കുട്ടികളെ ബോഡി ഷെയിമിംഗിന് ഇരയാകുന്നു. അച്ഛനോ അമ്മയോ ഭാരത്തെക്കുറിച്ച് ഇടയ്ക്കിടെ അഭിപ്രായങ്ങൾ പറയുമ്പോൾ, അത് തന്റെ കുറവായാണ് കുട്ടി മനസ്സിലാക്കുക. ഇത് കുട്ടിയെ ഉത്കണ്ഠയോ വിഷാദമോ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.ഇതവരുടെ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും ബാധിക്കും. അസംതൃപ്തി പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലേക്കോ ആരോഗ്യപ്രശ്നങ്ങളിലേക്കോ നയിക്കുന്നു.
കുട്ടികളുടെ ഭാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം മാതാപിതാക്കൾ ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു, അനാവശ്യമായി കുട്ടിയെ ന്യായീകരിക്കുകയോ വിമർശിക്കുകയോ ചെയ്യരുത്
Discussion about this post