തിരുവനന്തപുരം: കയറ്റുമതി കൂടിയതോടെ സംസ്ഥാനത്ത് പച്ചരിയുടെ വില വർദ്ധിക്കുന്നു. ചില്ലറ വിപണിയിൽ കിലോയ്ക്ക് 56 രൂപ വരെയാണ് പച്ചരിയ്ക്ക് ഇപ്പോൾ നൽകേണ്ടിവരുന്നത്. കയറ്റുമതി വർദ്ധിച്ചത് സംസ്ഥാനത്തെ അരിലഭ്യത കുറച്ചിട്ടുണ്ട്. ഇതാണ് മുൻപെങ്ങും ഇല്ലാത്ത വിധത്തിലുള്ള വർദ്ധനവിന് കാരണം. നേരത്തെ കിലോയ്ക്ക് 30 മുതൽ 35 രൂപവരെ ആയിരുന്നു പച്ചരിയ്ക്ക് നൽകേണ്ടിവന്നിരുന്നത്.
കേരളത്തിന് ആവശ്യമായ പച്ചരി തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണായക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. എഫ്‌സിഐ ഗോഡൗണുകളിലെ അരിയുടെ സ്‌റ്റോക്ക് കുറഞ്ഞതോടെ റേഷൻ കടയിലും പച്ചരി കിട്ടാനില്ലാത്ത അവസ്ഥയാണ്. ചുരുക്കം ചില താലൂക്കുകളിൽ മാത്രമാണ് ഇപ്പോൾ പച്ചരി റേഷൻ കടകൾ വഴി നൽകുന്നത്. കാർഡ് ഒന്ന് ഒരു കിലോ എന്ന നിരക്കിലാണ് ഇത്.
പുട്ട്, അപ്പം, ദോശ തുടങ്ങി മലയാളികളുടെ പ്രിയപ്പെട്ട പലഹാരങ്ങൾക്ക് പച്ചരി കൂടിയേ തീരു. അതുകൊണ്ട് തന്നെ പച്ചരിയുടെ ലഭ്യതകുറവ് നമ്മുടെ ഭക്ഷണശീലത്തെ ബാധിച്ചേക്കാം. പച്ചരിയുടെ ലഭ്യതക്കുറവ് പാക്കറ്റുകളിൽ ലഭിക്കുന്ന അരിപ്പൊടിയുടെ വില ഉയരാനും കാരണം ആയിട്ടുണ്ട്. കിലോയ്ക്ക് 65 രൂപയുണ്ടായിരുന്ന പാക്കറ്റ് പുട്ടുപൊടി ഇപ്പോൾ 70 രൂപയായി ഉയർന്നു. സപ്ലൈകോയിലും പച്ചരിയുടെ വില വർദ്ധിച്ചിട്ടുണ്ട്.
നോൺ സബ്‌സിഡി പച്ചരിയുടെ വില ഇപ്പോൾ കിലോയ്ക്ക് 44 രൂപയാണ്. നേരത്തെ ഇത് 33 ആയിരുന്നു. സബ്‌സിഡിയുള്ള അരിയ്ക്ക് 29 രൂപയാണ് വില. അതേസമയം ഭൂരിഭാഗം ഔട്ട്‌ലെറ്റുകളിലും പച്ചരി ലഭിക്കാത്ത സ്ഥിതിയാണ് ഉള്ളത്.
Discussion about this post