മൂന്നാർ: തെക്കിന്‍റെ സ്വന്തം കശ്മീരായ മൂന്നാർ അതിശൈത്യത്തിലേക്ക് കടന്നിരിക്കുന്നു. ക്രിസ്മസ് ന്യുഇയർ വെക്കേഷന് ദിനങ്ങള്‍ ആഘോഷിക്കാൻ വിനോദസഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി അഞ്ച് ഡിഗ്രി സെൽഷ്യസിൽ താഴെയാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.
ചില പ്രദേശങ്ങളിൽ പൂജ്യം ഡിഗ്രി രേഖപ്പെടുത്തിയിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. മൂന്നാറിൽ ഇന്ന് കുറഞ്ഞ താപനില 4.2 ഡിഗ്രി സെൽഷ്യസാണ്. കുണ്ടല ഡാം 3.1 ഡിഗ്രി സെൽഷ്യസ്, വട്ടവട 9.1 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.
ഇന്നലെ മൂന്നാറിൽ സീസണിലെ ഏറ്റവും താഴ്ന്ന താപനില 3.4°c ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. കുണ്ടല ഡാം 2.5, വട്ടവട 8.3 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയായിരുന്നു താപനില.
മൂന്നാർ ചെണ്ടുവാര എസ്റ്റേറ്റിൽ ഇന്നലെ 1 ഡിഗ്രി സെൽഷ്യസായിരുന്നു കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ഇന്നലെ ഇവിടെ രേഖപ്പെടുത്തിയത്.
വരും ദിവസങ്ങളിൽ താപനില വീണ്ടും താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ജനുവരി ആദ്യ ആഴ്ചയിൽ താപനില കുറഞ്ഞ് മൈനസ് രണ്ട് വരെ എത്തിയിരുന്നു.
മൂന്നാറിൽ മിക്കയിടങ്ങളിലും ഇന്നലെ മഞ്ഞ് വീഴ്ചയുണ്ടായി. സൈലന്‍റ് വാലി, കുണ്ടള, ലക്ഷ്മി, മൂന്നാർ ടൗൺ, ദേവികുളം ഒഡികെ, കന്നിമല തുടങ്ങിയ പ്രദേശങ്ങളിൽ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയെന്നും ഈ റിപ്പോർട്ട് പറയുന്നു.
Discussion about this post