കോഴിക്കോട്: മലയാളത്തിന്റെ മഹാസാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ സംസ്‌കാരം ഇന്ന്. വൈകീട്ട് അഞ്ച് മണിയ്ക്ക് മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ ഭൗതിക ദേഹം കോഴിക്കോട്ടെ വീടായ സിതാരയിൽ എത്തിച്ചു.
അതുല്യസാഹിത്യകാരനെ ഒരു നോക്ക് കാണുവാൻ നിരവധി പേരാണ് സിതാരയിലേക്ക് അർദ്ധരാത്രി മുതൽ ഒഴുകിയെത്തുന്നത്. വിവിധ മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലേക്ക് എത്തുന്നുണ്ട്. വീട്ടിൽ മാത്രമായിരിക്കും പൊതുദർശനം. തന്റെ സംസ്‌കാര ചടങ്ങുകൾ എങ്ങനെ എല്ലാ ആയിരിക്കണം എന്ന് എംടി കുടുംബാംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇത് പ്രകാരം ആയിരിക്കും സംസ്‌കാര ചടങ്ങുകൾ. എംടിയുടെ മരണത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു എംടിയുടെ അപ്രതീക്ഷിത വിയോഗം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ മരണം.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഈ മാസം 15 ന് ആയിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ ഹൃദയസ്തംഭനം ഉണ്ടാകുകയും നില മോശമാകുകയും ചെയ്തു. യന്ത്രസഹായത്തോടെയായിരുന്നു അദ്ദേഹം ശ്വസിച്ചിരുന്നത്. ഇതിനിടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായി. ഇന്നലെയോടെ അദ്ദേഹത്തിന്റെ ഹൃദയത്തിന്റെയും കിഡ്‌നിയുടെയും പ്രവർത്തനം മന്ദഗതിയിലായി. ഇതേ തുടർന്നായിരുന്നു മരണം.
Discussion about this post