കോഴിക്കോട്: മലയാളത്തിന്റെ അതുല്യസാഹിത്യകാരൻ എംടി വാസുദേവൻ നായർക്ക് അന്തിമോപചാരം അർപ്പിച്ച് നടൻ മോഹൻലാൽ. കോഴിക്കോട്ടെ വസതിയായ സിതാരയിൽ എത്തിയാണ് അദ്ദേഹം എംടിയെ അവസാനമായി ഒരു നോക്ക് കണ്ടത്.
എന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും കൂടുതൽ നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചത് എംടിയാണെന്ന് മോഹൻലാൽ പറഞ്ഞു. അദ്ദേഹത്തിന്റെ സംവിധാനത്തിൽ എനിക്ക് അഭിനയിക്കാനും സാധിച്ചു. അമൃതംഗമയ എന്ന ചിത്രത്തിൽ. അടിയ്ക്കടി കൂടിക്കാഴ്ച നടത്തിയിരുന്നില്ലെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും വലിയ സ്‌നേഹം ആയിരുന്നു. ഏറ്റവും അവസനാമായി ഞാൻ ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ അദ്ദേഹം എത്തിയിരുന്നു. ഒരുപാട് സംസാരിച്ചു. എന്റെ നാടകങ്ങൾ കാണാൻ വേണ്ടി അദ്ദേഹം മുംബൈയിൽ വന്നിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും കാണുമായിരുന്നു.
ഈ വേളയിൽ അദ്ദേഹത്തെക്കുറിച്ച് എന്ത് പറയണം എന്ന് അറിയില്ല. ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന സാഹിത്യകാരനും ചലച്ചിത്രകാരനും ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ തൂലികയിൽ വിടർന്ന് ഒരുപിടി നല്ല കഥാപാത്രങ്ങളായി അഭിനയിക്കാൻ അവസരം ലഭിച്ച ആളാണ് ഞാനെന്നും മോഹൻലാൽ പറഞ്ഞു.
അർദ്ധരാത്രിയോടെയാണ് കോഴിക്കോടെ കൊട്ടാരംറോഡിലുള്ള വീട്ടിലേക്ക് അദ്ദേഹത്തിന്റെ ഭൗതികദേഹം എത്തിച്ചത്. ഇന്ന് വൈകീട്ട് വരെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. പൊതുദർശനത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടാരം റോഡ് അടച്ചിട്ടുണ്ട്. വൈകീട്ടുവരെ റോഡിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കില്ല.
Discussion about this post