എറണാകുളം: അതുല്യ എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ ഒരു യുഗം അവസാനിച്ചിരിക്കുകയാണ്. എണ്ണമറ്റ സമ്മാനങ്ങൾ സാഹിത്യലോകത്തിന് നൽകികൊണ്ട് മലയാളത്തിന്റെ പെരുന്തച്ഛൻ മടങ്ങി. അദ്ദേഹത്തെയോർത്ത് തേങ്ങുകയാണ് മലയാളക്കര. സാഹിത്യത്തിൽ മാത്രമല്ല, രാഷ്ട്രീയത്തിലും ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു.
കേരള രാഷ്ട്രീയത്തിലെ മൂല്യച്യുതിയെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു എംടിയുടെ മടക്കം. ജീവിതത്തിലൂടനീളം എംടി സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് മാദ്ധ്യമ പ്രവർത്തകൻ സതീഷ് മാധവ്.
രാഷ്ട്രീയത്തിലെ മൂല്യച്യുതി യെപ്പറ്റി കെഎൽഎഫിന്റെ വേദിയിലാണ് എംടി തുറന്നടിച്ചത്. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുട്ടുകളല്ല സ്വാതന്ത്ര്യം എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. റഷ്യയിലെ രാഷ്ട്രീയ, സാമൂഹ്യ അധികാരചരിത്രത്തെ ചൂണ്ടിക്കാട്ടി അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി എന്ന് കേരളത്തെ ഓർമ്മിപ്പിച്ചു. നയിക്കാൻ കുറച്ചു പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ ധാരണ തിരുത്തിയ പൂർവികർ നേതൃപൂജകളിൽ അഭിരമിച്ചിരുന്നില്ലെന്ന് പുതിയ കാലത്തെ ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും തിരുത്തലിന്റെ കരുത്തുള്ള ആ വാക്കുകൾ വേദിയിൽ കേട്ടിരുന്നുൃവെന്നും സതീഷ് മാധവ് പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
രാഷ്ട്രീയത്തിലെ മൂല്യച്യുതി യെപ്പറ്റിയാണ് എം ടി ഒടുവിൽ ഉറക്കെ പറഞ്ഞത്. ഈ വർഷമാദ്യമാണത്. കെ എൽ എഫ് വേദിയിൽ. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുട്ടുകളല്ല സ്വാതന്ത്ര്യം എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. റഷ്യയിലെ രാഷ്ട്രീയ, സാമൂഹ്യ അധികാരചരിത്രത്തെ ചൂണ്ടിക്കാട്ടി അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി എന്ന് കേരളത്തെ ഓർമ്മിപ്പിച്ചു. നയിക്കാൻ കുറച്ചു പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ ധാരണ തിരുത്തിയ പൂർവികർ നേതൃപൂജകളിൽ അഭിരമിച്ചിരുന്നില്ലെന്ന് പുതിയ കാലത്തെ ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും തിരുത്തലിൻ്റെ കരുത്തുള്ള ആ വാക്കുകൾ വേദിയിൽ കേട്ടിരുന്നു…..
ഭാഷയുടെ സുകൃതമാണ് വിട പറഞ്ഞത്. ക്രിസ്മസ് അവധി ദിനത്തിൻ്റെ പകലറുതിയിലാണ് യാത്ര. ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. ഐതിഹാസിക സർഗാത്മക ജീവിത കഥകൾ എഴുതി ആ ദിനം കാത്തിരുന്നവരുണ്ട്. ഇനിയും ഇവിടെയുണ്ടാകുമെന്ന് അദ്ദേഹം നല്കിയ പ്രതീക്ഷകളുടെ പ്രാർത്ഥനയിലേക്ക് ആ എഴുത്തത്രയും വഴി മാറി. കാലവുമായി നടത്തിയ പോരിനൊടുവിൽ മരണത്തെ എഴുത്തിലൂടെ മറികടന്ന ആ പെരുന്തച്ചൻ മടങ്ങുന്നു.
അമ്പതാണ്ടിൻ്റെ ആഘോഷത്തിലേക്ക് നടക്കുന്ന തപസ്യയ്ക്ക് ഒപ്പമുണ്ടായിരുന്നതാണ് ആ അനുഗ്രഹങ്ങൾ. ഇടത് രാഷ്ട്രീയക്കാരൻ്റെ അപ്രഖ്യാപിത അയിത്ത പ്രഖ്യാപനങ്ങളെ കൂസാതെ അദ്ദേഹം പല കുറി തപസ്യയുടെ വേദിയിലെത്തി. തൻ്റേടത്തോടെ തൻ്റേതായ ഇടം പ്രഖ്യാപിച്ചു. തപസ്യ സംഘടിപിച്ച മഹാകവി അക്കിത്തം സപ്തതി ആഘോഷങ്ങളിൽ നായകനായി. അക്കിത്തം പുരസ്കാരം ഏറ്റുവാങ്ങി. തപസ്യ കാലത്തിൻ്റെ ആവശ്യമാണെന്ന് അനുഗ്രഹിച്ചു.
കവിയുടെ കാല്പാടുകൾ മലയാളിക്ക് മുന്നിൽ അവതരിപ്പിച്ചത് എംടിയാണ് …. മലയാണ്മ അതിന് അദ്ദേഹത്തിന് നന്ദി പറയണം . കേരളം കടലിലാണ്ടു പോവുകയും വീണ്ടും കേരളത്തെ സൃഷ്ടിക്കുകയും ചെയ്യേണ്ടി വന്നാൽ പരമ സ്രഷ്ടാവ് , മഹാകവി പി കുഞ്ഞിരാമൻ നായരുടെ കാല്പാടുകൾ തേടും എന്ന് ഒരു നിരീക്ഷണമുണ്ട് ….
ഒപ്പം കൂടിയും കലമ്പിയും കളിചിരി പറഞ്ഞുമൊഴുകിയ നിളയുടെ കരയിൽ മഹാകവിയും കഥയുടെ കവിയും ഒത്തുചേർന്ന ആ ദിവസങ്ങളോളം കല്പനയുടെ കല്പകവാടികൾ പൂത്തു വിടർന്ന നാളേതുണ്ടാവും ….
കഥയുടെ മഹാകവി
സ്വന്തം ജീവിത കാമങ്ങൾക്ക് ഭീമനെന്നും ചന്തുവെന്നും സേതുവെന്നും ഗോവിന്ദൻകുട്ടിയെന്നുമൊക്കെ പേരിട്ട് മലയാളിയുടെ വായനാ ജീവിതത്തെയാകെ കൈവെള്ളയിലാക്കിയ മഹാകവി…. എഴുതിയും എഴുതിപ്പിച്ചും പിന്നിട്ട ഒൻപത് പതിറ്റാണ്ട് …. മഞ്ഞായും കാലമായും പെയ്തു മതിയാകാത്ത കഥമഴയായും നിറഞ്ഞ ഒൻപത് പതിറ്റാണ്ട് ……
പാതിയിൽ പൊലിഞ്ഞ പ്രണയം, നിരാശയിലുയിർത്ത വാശി, തോൽവികളിൽ പിറന്ന പക….. ആഴത്തിലൊഴുകിയ സ്നേഹം …..
അനന്തഭാവങ്ങളിൽ ഒരേയൊരാൾ …
നീർച്ചാലിട്ടൊഴുകുന്ന നിളയെയാണിഷ്ടമെന്ന് ഒരു നിത്യകാമുകന്റെ ഭാഷയിൽ കോറിയിട്ട എം ടി ക്ക് …. ഭാഷയുടെ നിളയൊഴുക്കിൽ അറ്റമില്ലാത്ത കല്പനകൾ തീർത്ത അദ്ഭുതങ്ങളുടെ സമുദ്രത്തിന്
പ്രണാമം…
പ്രിയപ്പെട്ടവരേ……
തിരിച്ചുവരാനായ് യാത്ര ആരംഭിക്കുകയാണ്
Discussion about this post